വിവാഹത്തിന് എത്തിയ വയോധികയുടെ സ്വർണ്ണ മാല കവർന്നു; സ്ത്രീകൾ പിടിയിൽ

പത്തനംതിട്ട: ക്ഷേത്രത്തിൽ വിവാഹത്തിന് എത്തിയ വയോധികയുടെ സ്വർണ്ണ മാല കവർന്ന നാടോടി സ്ത്രീകൾ പിടിയിൽ. 4 പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ച തമിഴ്നാട് വേളൂർ മാറാട്ട കൃഷ്ണഗിരി ആനന്ദന്‍റെ ഭാര്യ മാലിനി (30), കൃഷ്ണഗിരി മുരുകന്‍റെ മകൾ ജീബ (50) എന്നിവരാണ് കൂടൽ പോലീസിന്‍റെ പിടിയിലായത്.

കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. അയൽവാസിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ആരുവാപ്പുലം അതിരുങ്കൽ മുറ്റാക്കുഴി ദിദുഭവനം വീട്ടിൽ ബാലന്‍റെ ഭാര്യ സുമതി (70) യുടെ മാലയാണ് മോഷണം പോയത്. മാല നഷ്ടമായത് തിരിച്ചറിഞ്ഞ സുമതി ബഹളം വെച്ചു. ഇതോടെ സംശയകരമായ നിലയിൽ കണ്ട തമിഴ്നാട് സ്വദേശിനികളെ നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു.

സുമതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതികളെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇവരുടെ കയ്യിലെ ബാഗിൽനിന്നും മാല കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കൂടൽ പോലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാർ, എസ് ഐ ദിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞയാഴ്ച്ച കോന്നിയിൽ ബസ്സിൽ യാത്ര ചെയ്ത സ്ത്രീയുടെ ബാഗിൽ നിന്നും പണം കവർന്ന രണ്ട് നാടോടി സ്ത്രീകളെ കോന്നി പോലീസ് പിടികൂടിയിരുന്നു. ഈ പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

spot_img

Related Articles

Latest news