തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുകയാണെന്ന ആരോപണം ആവര്‍ത്തിക്കുന്നതിനിടെ വിവിധ ആവശ്യങ്ങള്‍ക്കായി രാജ്ഭവന് അനുവദിക്കുന്ന തുകയില്‍ വന്‍ വര്‍ധന ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അതിഥികള്‍ക്കായുള്ള ചെലവുകള്‍ ഇരുപത് ഇരട്ടി വര്‍ധിപ്പിക്കുക, വിനോദ ചെലവുകള്‍ 36 ഇരട്ടിയാക്കുക, വിനോദയാത്രാ ചെലവുകള്‍ ആറര ഇരട്ടി വര്‍ധിപ്പിക്കുക, കോണ്‍ട്രാക്ട് അലവന്‍സ് ഏഴ് ഇരട്ടി ഉയര്‍ത്തുക, ഓഫീസ് ചെലവുകള്‍ ആറേകാല്‍ ഇരട്ടി വര്‍ധിപ്പിക്കുക, ഓഫീസ് ഫര്‍ണിച്ചറുകളുടെ നവീകരണ ചെലവ് രണ്ടര ഇരട്ടി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളാണ് രാജ്ഭവന് സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ വച്ചിട്ടുള്ളതെന്നാണ് സൂചന. ഗവര്‍ണറുടെ ആവശ്യം പൊതുഭരണ വകുപ്പ് ധനവകുപ്പിനെ അറിയിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവര്‍ണേഴ്സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് 1987 അനുസരിച്ചാണ് ഗവര്‍ണറുടെ ഈ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ഈ ചട്ടങ്ങള്‍ അനുസരിച്ച് ആറിനങ്ങളില്‍ നല്‍കേണ്ട തുകയുടെ പരിധി 32 ലക്ഷം രൂപയാണ്. എന്നാല്‍ ഈ വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്നാണ് രാജ്ഭവനില്‍നിന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിത്യചെലവിന് പണമില്ലാത്തപ്പോള്‍ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പെന്ഷന് കൊടുക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലും വ്യക്തികള്‍ക്കുവേണ്ടി നീന്തല്‍ക്കുളം പണിയുകയാണെന്നും ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.