ജെറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ എന്നതിലപ്പുറം മറ്റൊരു പരിഹാരമില്ലെന്ന് സൗദി,അന്താരാഷ്ട്ര കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യാവുന്ന യുദ്ധക്കുറ്റങ്ങളാണെന്ന് ഇറാൻ

റിയാദ്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സൗദിയിലെ റിയാദിൽ ചേർന്ന അറബ് ലീഗ് – ഇസ്ലാമിക് കോര്‍ഡിനേഷന്‍ അടിയന്തര ഉച്ചകോടി.ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലും മാനുഷിക ഇടനാഴിയും നടപ്പാക്കാനും ഗാസയ്ക്ക് മേലുള്ള ഉപരോധം അടിയന്തരമായി അവസാനിപ്പിക്കാനും ഉച്ചകോടി ആവശ്യപ്പെട്ടു. കിഴക്കന്‍ ജെറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ എന്നതിലപ്പുറം മറ്റൊരു പരിഹാരമില്ലെന്ന് സൗദി നിലപാട് വ്യക്തമാക്കി.കേവലം വെടിനിര്‍ത്തലാവശ്യപ്പെടുന്നതിനപ്പുറം ശക്തമായ നിലപാടുകളിലേക്ക് പോവുകയാണ് അറബ് രാജ്യങ്ങള്‍. അന്താരാഷ്ട്ര വേദികളില്‍ നിരന്തരം വെടിനിര്‍ത്തലാവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാത്തതില്‍ അറബ് മേഖലയുടെ അതൃപ്തിയും ഉച്ചകോടി ആവര്‍ത്തിച്ചു. യു എന്‍ സുരക്ഷാ കൗണ്‍സിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ തുറന്നടിച്ചു.

സൈനിക പ്രവര്‍ത്തനങ്ങള്‍ ഉടൻ അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ ആശ്വാസത്തിനായി മാനുഷിക ഇടനാഴികള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവര്‍ത്തിക്കുകയും അസാധാരണവും വേദനാജനകവുമായ സാഹചര്യത്തിലാണ് ഈ ഉച്ചകോടി ചേരുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഫലസ്തീനിനെതിരായ ഇസ്റാഈലിന്റെ അന്യായമായ യുദ്ധത്തെ സൗദി അറേബ്യ അസന്ദിഗ്ധമായി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നതായും കിരീടവകാശി പറഞ്ഞു. ഇസ്റാഈലിന്റെ നഗ്നമായ ലംഘനങ്ങള്‍ തടയുന്നതില്‍ സുരക്ഷാ കൗണ്‍സിലിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പരാജയം തുറന്നുകാട്ടുന്ന മാനുഷിക ദുരന്തം എന്നാണ് മുഹമ്മദ് രാജകുമാരൻ ഇതിനെ വിശേഷിപ്പിച്ചത്.ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്റെയും (ഒഐസി) അറബ് ലീഗിന്റെയും അസാധാരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവരില്‍ സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ്, പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ്, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി എന്നിവരും ഉള്‍പ്പെടുന്നു. അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയില്‍ സംസാരിച്ച വിവിധ രാഷ്ട്ര നേതാക്കളെല്ലാം ഗസ്സയില്‍ ഇസ്റാഈല്‍ തുടരുന്ന ക്രൂരതകള്‍ക്കെതിരെ രൂക്ഷമായാണ് സംസാരിച്ചത്. ഇസ്റാഈല്‍ യുദ്ധക്കുറ്റങ്ങളാണെന്നതില്‍ നേതാക്കളെല്ലാം ഏകാഭിപ്രായക്കാരായി.

ഫലസ്തീൻ ജനതക്കെതിരെ ഇസ്റാഈല്‍ നടത്തുന്ന നരനായാട്ടെന്ന് ഖത്തര്‍ അമീര്‍ തുറന്നടിച്ചപ്പോള്‍ വിവരിക്കാനാവാത്ത ക്രൂരതകളെന്നായിരുന്നു തുര്‍ക്കി പ്രസിഡൻറ് ഉര്‍ദുഗാന്റെ രോഷത്തോടെയുള്ള അഭിപ്രായം. ഗസ്സയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെല്ലാം ഇസ്റാഈലിനെ അന്താരാഷ്ട്ര കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യാവുന്ന യുദ്ധക്കുറ്റങ്ങളാണെന്ന് ഇറാനിയൻ പ്രസിഡൻറും രൂക്ഷമായി പ്രതികരിച്ചു.

അധിനിവേശം, ഉപരോധം, കുടിയേറ്റം എന്നിവ അവസാനിപ്പിക്കുകയും ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ ഉറപ്പാക്കുകയും 1967-ലെ കിഴക്കൻ അതിര്‍ത്തിക്കുള്ളില്‍ അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും ജറുസലേം അതിന്റെ തലസ്ഥാനമാക്കുകയും ചെയ്യുക എന്നതാണ് മേഖലയില്‍ സുരക്ഷയും സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ഏക മാര്‍ഗമെന്ന ബോധ്യമെന്ന് സൗദി അറേബ്യ ആവര്‍ത്തിച്ചു.

spot_img

Related Articles

Latest news