സർക്കാർ സമുദായത്തെ അപമാനിച്ചു: കുഞ്ഞാലിക്കുട്ടി

ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ഒരു മന്ത്രിയെ നിശ്ചയിച്ച ശേഷം മുഖ്യമന്ത്രി ആ വകുപ്പ് തിരിച്ചെടുത്ത നടപടി ഒരു സമുദായത്തെ വിശ്വാസത്തിലെടുക്കാത്തതിന്റെ ഭാഗമാണെന്നും സമുദായത്തെ അപമാനിക്കുകയാണ് സർക്കാർ ചെയ്തതെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മന്ത്രി ആരായാലും ഈ നടപടി അംഗീകരിക്കാനാവില്ല. ഇത് ഒരു സമുദായത്തെ ഒന്നടങ്കം അപമാനിച്ചതിന് തുല്യമാണ്. ചില സമുദായങ്ങൾ ഒരേ വകുപ്പ് കൈകാര്യം ചെയ്യരുത് എന്ന നിലപാട് ശരിയല്ല.

കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നിരക്കുന്ന കാര്യമല്ല ഇത്. വസ്തുത പറയുമ്പോൾ അട്ടിപ്പേറവകാശം എന്നു പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നതാധികാര സമിതി യോഗത്തിനു ശേഷം വാർത്താ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുസ്ലിംലീഗ് നേതാക്കൾ.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി. അബ്ദുറഹ്‌മാന് കൊടുക്കുകയും പിന്നീട് ദുരൂഹമായ കാരണങ്ങളാൽ തിരിച്ചെടുക്കുകയും ചെയ്ത നടപടി വിവാദമായ സാഹചര്യത്തിലാണ് മുസ്ലിംലീഗ് നേതാക്കൾ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി വിശദമായി ചർച്ച ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. യു.പിയിൽ കോടതിയെ മറികടന്ന് മസ്ജിദ് തകർത്ത സംഭവം രാജ്യത്തിന് അപമാനമാണെന്നും കോവിഡ് കാലത്ത് ആൾക്കൂട്ടക്കൊലപാതകങ്ങൾ കൂടി വരികയാണെന്നും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

ഹരിയാനയിൽ ആൾക്കൂട്ടക്കൊലയുടെ ഇരയായ ആസിഫിന്റെ കുടുംബത്തെ യൂത്ത് ലീഗ് സംഘം സന്ദർശിച്ച് പാർട്ടിയുടെ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളിൽ പാർട്ടിയെക്കുറിച്ച് വരുന്ന തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

അടുത്ത മാസം ആദ്യവാരത്തിൽ സംസ്ഥാന ഭാരവാഹികളുടെ യോഗം വിളിച്ചു ചേർത്ത് സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യും. തുടർന്ന് പ്രവർത്തക സമിതി വിളിച്ച ശേഷം മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിക്കും. ജനാധിപത്യപരമായ സംഘടനാ തെരഞ്ഞെടുപ്പുകളിലൂടെ ഊർജ്ജസ്വലതയോടെ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്നും പി.എം.എ സലാം പറഞ്ഞു.

കെ.പി.എ മജീദ്, ഡോ. എം.കെ മുനീർ, പി.വി അബ്ദുൽ വഹാബ് എം.പി തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

spot_img

Related Articles

Latest news