ദോഹ: വീല്‍ചെയറുമായി ഗാലറികളിലെത്തുന്ന മലപ്പുറം പെരിന്തല്‍മണ്ണക്കാരന്‍ കുഞ്ഞാന് ഇതിനകം തന്നെ ഖത്തറില്‍ താരമാണ്.
ജര്‍മനി-സ്പെയിന് മത്സരം നടന്ന അല്‍ ബെയ്തിലെ കളിമുറ്റത്ത് അതിഥിയായെത്തിയും സ്റ്റേഡിയങ്ങളില്‍നിന്ന് സ്റ്റേഡിയങ്ങളിലേക്ക് വീല്‍ചെയറില്‍ സഞ്ചരിച്ചുമെല്ലാം ഹീറോ ആയവന്. എന്നാലിപ്പോള്‍ ഇതുവരെ മനസ്സില്‍ താലോലിച്ചു നടന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ ത്രില്ലിലാണ് കുഞ്ഞാന് എന്ന ഉമര്‍ ഫാറൂഖ്. തിങ്കളാഴ്ച രാത്രിയില്‍ സ്റ്റേഡിയം 974ല്‍ നടന്ന ബ്രസീല്‍- ദക്ഷിണ കൊറിയ മത്സരത്തിന് തൊട്ടുമുമ്ബായിരുന്നു ആ നിമിഷം.
പ്രിയപ്പെട്ട താരം നെയ്മറിനെ അടുത്തുകാണാനുള്ള മോഹവുമായി ടീം ഹോട്ടലായ വെസ്റ്റിന്നില് ഉച്ചക്ക് എത്തിയിട്ടും നടക്കാത്ത സ്വപ്നവുമായാണ് സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടത്. ഭിന്നശേഷിക്കാര്‍ക്കുള്ള ഇരിപ്പിട സ്ഥലത്തെ വളന്റിയര്‍മാരോട് ആവശ്യപ്പെട്ടിട്ടും അനുവാദം നല്‍കിയില്ല. ഇതിനിടയിലാണ് ബ്രസീല്‍ ടീമിനൊപ്പമുള്ള ഫിഫ ഒഫീഷ്യലിനോട് ആഗ്രഹം ബോധിപ്പിക്കുന്നത്. അവര്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗ്രൗണ്ടില്‍നിന്ന് ഡ്രസിങ് റൂമിലേക്കുള്ള വഴിയിലെത്തിക്കുന്നത്. മിനിറ്റുകള്‍ക്കകം പ്രീമാച്ച് പ്രാക്ടിസ് കഴിഞ്ഞ് ഇതാ മുന്നിലൂടെ നെയ്മറും ആല്‍വസും കൂട്ടുകാരും കടന്നുപോകുന്നു. ആല്‍വസ്, റിച്ചാര്ലിസണ്, മാര്‍ക്വിനോസ് എന്നിവരെത്തി കൈ നല്‍കിയും ഫോട്ടോക്ക് പോസ് ചെയ്തും മടങ്ങി.
പിന്നീടായിരുന്നു നെയ്മറിന്റെ വരവ്. ചിത്രം പകര്‍ത്തരുത്, ഉറക്കെ സംസാരിക്കരുത്, കളിക്കാരെ വിളിക്കരുത് എന്നീ നിര്ദേശങ്ങളെല്ലാമുണ്ടായിരുന്നെങ്കിലും നെയ്മറിനെ കണ്ടപ്പോള്‍ കുഞ്ഞാന് നിയന്ത്രണങ്ങളെല്ലാം നഷ്ടമായി. ‘നെയ്മര്‍…’ എന്ന് നീട്ടിവിളിച്ചു. വിളികേട്ട നെയ്മര്‍ തിരികെ നടന്ന് അരികിലെത്തി കെട്ടിപ്പിടിച്ച് വിശേഷങ്ങള്‍ ചോദിച്ച് കുഞ്ഞാന്റെ സ്വപ്നങ്ങള്‍ പൂവണിയിച്ചു. തൊട്ടരികിലെ വീല്ചെയറിലുണ്ടായിരുന്നവരെയും ഹസ്തദാനം ചെയ്തായിരുന്നു നെയ്മര്‍ മടങ്ങിയത്.