നവീകരിച്ച കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം ഉദ്ഘാടനം നാളെ
കൂത്തുപറമ്പ്: ദേശീയനിലവാരമുള്ള ഫുട്ബോൾ ഗ്രൗണ്ട് വേണമെന്ന കൂത്തുപറമ്പ് നിവാസികളുടെ ചിരകാലാഭിലാഷം പൂവണിയുന്നു. കിഫ്ബിയിൽനിന്ന് അനുവദിച്ച അഞ്ചു കോടി രൂപ ചെലവിൽ നവീകരിച്ച സ്റ്റേഡിയം നാളെ നാടിന് സമർപ്പിക്കും. രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ കായികമന്ത്രി ഇ.പി. ജയരാജൻ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർ സംബന്ധിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദർശന ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. ഗാലറി, ബാസ്കറ്റ് ബോൾ കോർട്ട്, വിശ്രമമുറി, ഓഫീസ്, ഷോപ്പിംഗ് കോംപ്ലക്സ് എന്നീ സൗകര്യങ്ങളോടുകൂടിയാണ് സ്റ്റേഡിയം നവീകരിച്ചത്. സ്റ്റേഡിയം പുല്ല് വച്ചുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുമുണ്ട്. 2018 ലാണ് നവീകരണപ്രവൃത്തി ആരംഭിച്ചത്.