മുക്കം: ഇന്റർ കേരള ടി.ടി.ഐ ഫുട്ബോൾ ടൂർണമെന്റ് നടത്താൻ ഒരുങ്ങി മുക്കം എം.എ.എം ടി.ടി.ഐ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വിവിധ ടി.ടി.ഐ.കൾ മാറ്റുരക്കുന്ന ആദ്യ കാൽപന്ത് ഉത്സവത്തിനാണ് മുക്കം സാക്ഷിയാവുക. ഫെബ്രുവരി 28 ന് മുക്കം എം.എ.എം.ടി.ടി.ഐൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുക. ഇതിൻ്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങളും കൂടിയാലോചനായോഗങ്ങളും നടന്നു.
കേരളത്തിലെ വിവിധ ടി.ടി.ഐകൾ ഇതിനോടകം ടൂർണമെന്റിൽ പങ്കെടുക്കാനായി മൂന്നോട്ട് വന്നിട്ടുണ്ട്. കോവിഡ് കാലപ്രതിസന്ധി ഘട്ടത്തിൽ ലഭിക്കേണ്ട വിവിധ അനുഭവ പരിപാടികള് ലഭിക്കാതെ വന്നപ്പോഴാണ് വിദ്യാര്ത്ഥികളും അധ്യാപകരും ഇത്തരം ഉദ്യമങ്ങള്ക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാന തലത്തില് തന്നെ പരിശീലനകാലത്ത് പരസ്പരം ബന്ധം സൃഷ്ട്ടിക്കുന്നത് ഭാവിയിൽ അധ്യാപകനായിരിക്കുമ്പോഴും ഏറെ ഗുണംചെയ്യും. അതിനാൽ ഇത്തരം പ്രവർത്തനങ്ങൾ അധ്യാപക വിദ്യാർത്ഥികൾക്ക് അത്യാവശ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
നേരത്തെ ഇത്തരത്തിൽ സംസ്ഥാന തലത്തില് കൂട്ടായ്മകൾ രൂപീകരിക്കാനും അതു വഴി ആദ്യമായി ഡി.എൽ.എഡ്. വിദ്യാര്ത്ഥികള് പങ്കെടുത്ത ഓൺലൈൻ മത്സരങ്ങള് സംഘടിപ്പിക്കാനും എം.എ.എം.ടി.ടിഐ മുന്നിൽ ഉണ്ടായിരുന്നു. സംസ്ഥാന തലത്തില് ചരിത്രത്തിലാദ്യമായി പുറത്തിറക്കിയ ഡി.എൽ.എഡ്. വിദ്യാർത്ഥികളുടെ ‘ ‘അകം’ എന്ന ഡിജിറ്റൽ മാഗസിൻ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.