തെല്‍അവീവ്: വനിതാ സൈനികര്‍ക്കെതിരായ ഇസ്രായേല്‍ സൈന്യത്തിന്റെ ലൈംഗികാതിക്രമ കേസുകള്‍ ഗണ്യമായി വര്‍ധിച്ചതായി ഷെഹാബ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. സൈനികര്‍ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയെന്ന് കാണിച്ച് സൈനിക പോലിസിനെ സമീപിക്കുന്ന ഇസ്രായേല്‍ വനിതാ സൈനികരുടെ എണ്ണത്തില്‍ അടുത്തിടെ വന്‍ വര്‍ധനവുണ്ടായതായും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.
2020ല്‍ സൈന്യത്തിലെ 1,542 ലൈംഗിക പീഡന പരാതികളാണ് സൈനിക പോലിസിന് മുമ്ബിലെത്തിയതെന്ന് ഇസ്രായേല്‍ ആര്‍മി ചീഫ് ഓഫ് സ്റ്റാഫിന്റെ ലിംഗകാര്യ ഉപദേശകന്‍ ബ്രിഗേഡിയര്‍ ജനറല്‍ യിഫത്ത് യെരുശാല്‍മി തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇസ്രായേല്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. 2019നെ അപേക്ഷിച്ച് 2020ല്‍ സൈന്യത്തിനകത്തെ ലൈംഗികാതിക്രമകേസുകള്‍ 24 ശതമാനം വര്‍ധനവുണ്ടായെന്നാണ് റിപോര്‍ട്ടുകള്‍.
2012 മുതല്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന ലൈംഗികാതിക്രമ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം, ലൈംഗികാതിക്രമത്തിന് ഇരകളാകുന്ന വനിതാ സൈനികരില്‍ ചെറിയ ഒരു ശതമാനം മാത്രമാണ് നിയമനടപടി സ്വീകരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഈ പ്രശ്‌നം ആശങ്കാജനകവും അപകടകരവുമാണെന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ വക്താവ് പറഞ്ഞു.