ലോകായുക്ത വിധിയെ തള്ളി മന്ത്രി കെ ടി ജലീല്‍; മുഖ്യമന്ത്രിയുടെ തീരുമാനം ഇന്ന്

കോഴിക്കോട്: മന്ത്രി കെ ടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് ചികിത്സയിലായതിനാല്‍ അദ്ദേഹവുമായി ആലോചിച്ച്‌ നിയമമന്ത്രി എ കെ ബാലന്‍ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന. ജലീലിന്റെ രാജിയ്‌ക്കായി പ്രതിപക്ഷത്ത് നിന്നും മുറവിളി ഉയരുകയാണ്.

എന്നാൽ കേരളാ ഹൈക്കോടതിയും മുൻ കേരള ഗവർണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജലീൽ പ്രതികരിച്ചു.ലോകായുക്ത വിധിയുടെ പൂർണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹംഅറിയിച്ചിട്ടുണ്ട്.

അടുത്ത ബന്ധുവായ കെ ടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിയമിച്ചതിൽ മന്ത്രി കെ ടി ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ലോകായുക്താ ഡിവിഷൻ ബെഞ്ച് വിധിച്ചത്. സ്വജനപക്ഷപാതം കാട്ടിയ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്താ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.മന്ത്രിയെന്ന നിലയില്‍ സത്യസന്ധതയില്ലാത്ത നടപടിയാണ് ജലീലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ട് കിട്ടിയാല്‍ മൂന്നുമാസത്തിനുളളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നാണ്‌ നിയമം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത നടപടി ലോകായുക്തയെ അറിയിക്കണം. തീരുമാനം തൃപ്‌തികരമല്ലെങ്കില്‍ ലോകായുക്ത വിഷയം ഗവര്‍ണറെ പ്രത്യേക റിപ്പോര്‍ട്ട് വഴി അറിയിക്കണം. ആ റിപ്പോര്‍ട്ട് ഗവര്‍ണര്‍ നിയമസഭയുടെ പരിഗണനയ്ക്ക് വയ്‌ക്കണമെന്നുമാണ് കേരള ലോകായുക്ത ആക്‌ടില്‍ പറയുന്നത്.

spot_img

Related Articles

Latest news