തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശം. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകാതിരുന്ന സൈബര്‍ സെല്‍ ഡിവൈ എസ് പിക്കെതിരെയാണ് കോടതി രൂക്ഷ വിമര്‍ശം നടത്തിയത്.
ഡി വൈ എസ്സ് പി ഹാജരാകാത്ത സാഹചര്യത്തില്‍ അപകട ദിവസത്തെ സി സി ടി വി ദ്യശ്യങ്ങടങ്ങിയ രണ്ട് ഡി വി ഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ ആവശ്യമായ ഉപകരണം സഹിതം പോലീസ് ഹൈടെക് സെല്‍ എസ്സ് പി ഫെബ്രുവരി 24 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് എ. അനീസയുടേതാണ് ഉത്തരവ്.
ഡി വൈ എസ്സ് പിയുടെ നിഷ്ക്രിയത്വവും അലംഭാവവും ഗുരുതരമായ കൃത്യവിലോപവും കോടതിയുടെ നീതിനിര്‍വഹണത്തെ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഡിവിഡി പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇത്തരവ് പുറപ്പെടുവിപ്പിച്ചത്.