കെ- ഫോൺ അറിയേണ്ടതെല്ലാം .

നാം ഈ കുറഞ്ഞ കാലത്തിനുള്ളില്‍ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‍വര്‍ക്ക് അഥവാ കെ-ഫോണ്‍ എന്ന് ഏറ്റവും കൂടുതല്‍ കേട്ട ഒരു പേരായിരിക്കും. എന്താണ് ഈ കെ ഫോണ്‍ ? ഇതൊരു ഫോണ്‍ ആണോ എന്നുപോലും ചോദിക്കുന്ന ആളുകള്‍ ഇപ്പോഴും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസമാണ് കെ – ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നടത്തിയത്.

1.എന്താണ് ഈ കെ ഫോണ്‍ ? കെ ഫോണ്‍ എന്ന് വീട്ടിലെത്തും ?

കെ ഫോണ്‍ ഒരു ഫോണല്ല, കേരളത്തിന്റെ എല്ലായിടത്തും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന അതിവിപുലമായ ഒരു ഫൈബര്‍ ശൃംഖലയാണ് കെ ഫോണ്‍. വളരെ സിമ്ബിളായി പറഞ്ഞാല്‍ കേരളത്തില്‍ ഏതൊരാള്‍ക്കും ഇന്റര്‍നെറ്റ് എളുപ്പത്തില്‍ ലഭ്യമാകാന്‍ വേണ്ടി സര്‍ക്കാര്‍ സ്ഥാപിക്കുന്ന ഒരു ഫൈബര്‍ ശൃംഖലയാണ് കെ – ഫോണ്‍. ഇതില്‍ കേബിള്‍ ഇടുകയും അത് പരിപാലിക്കുകയും ചെയ്യുക മാത്രമാണ് സര്‍ക്കാരിന്റെ ദൗത്യം. എന്നാല്‍ ഈ ശൃംഖലയില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നത് ഇപ്പോള്‍ നിലവിലുള്ള സേവനദാതാക്കള്‍ അഥവാ ISP ( Internet Service Providers) ആയിരിക്കും. സേവന ദാതാക്കള്‍ നിശ്ചയിക്കപ്പെട്ട വാടകനല്‍കി കെ – ഫോണ്‍ സര്‍വീസ് ഉപയോഗിക്കാവുന്നതാണ്.

ഇപ്പോള്‍ നഗരപ്രദേശങ്ങളില്‍ മാത്രമാണ് ഫൈബര്‍ കണക്ഷനുകള്‍ ലഭ്യമാകുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഇപ്പോഴും കൊയാക്സിയല്‍ കണക്ഷനുകള്‍ വഴി മാത്രമാണ് ലഭ്യമാകുന്നത്. ഫൈബര്‍, കൊയാക്സിയല്‍ കണക്ഷനുകളിലെ വ്യത്യാസം, ഇവയിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന സ്പീഡിലെ വ്യത്യാസം മാത്രമാണ്. ഈ ഫൈബര്‍ കണക്ഷനുകള്‍ ഗ്രാമ പ്രദേശങ്ങളിലും എത്തിക്കാന്‍ കെ – ഫോണിന് കഴിയും എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

2. കെ – ഫോണ്‍ എങ്ങനെയാണ് ഇത്രയധികം ദൂരം കേബിള്‍ വലിച്ച്‌ കണക്ഷന്‍ എത്തിക്കുന്നത് ? ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കുറെയില്ലേ ?

ഉണ്ട്, ഈ പറഞ്ഞ രീതിയില്‍ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ ആണെങ്കില്‍ ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ട് വളരെ വലുതാണ്‌. സര്‍ക്കാര്‍ ഇതുമാത്രമായി വളരെ വലിയ തുക ചിലവഴിക്കെണ്ടി വരും. ഇപ്പോള്‍ ലഭ്യമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌, കെഎസ്‌ഇബിയുടെ പോസ്റ്റുകള്‍ വാടകയ്ക്ക് എടുക്കുക, പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങി സ്വന്തമായി പോസ്റ്റുകള്‍ സ്ഥാപിക്കുക, അല്ലെങ്കില്‍ മണ്ണിനടിയിലൂടെ കേബിളിടുക എന്നിങ്ങനെ മൂന്നു മാര്‍ഗങ്ങളാണ് ഒരു ഇന്റര്‍നെറ്റ് സേവനദാതാവിന് കേബിള്‍ സ്ഥാപിക്കാന്‍ അവലംബിക്കാവുന്നത്. കെ – ഫോണ്‍ ഇപ്പോള്‍ കെഎസ്‌ഇബി വൈദ്യുതി പോസ്റ്റുകളിലൂടെ എഡിഎസ്‌എസ് കേബിളും (ഓള്‍ ഡൈ-ഇലക്‌ട്രിക് സെല്‍ഫ് സപ്പോര്‍ട്ടിങ് കേബിള്‍) കെഎസ്‌ഇബിയുടെ ട്രാന്‍സ്മിഷന്‍ ടവറുകളിലെ പ്രധാന ലൈനുകളില്‍ ഒപിജിഡബ്ല്യു (ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍) കേബിളുമാണ് ട്രാന്‍സ്മിഷന് വേണ്ടി ഉപയോഗിക്കുന്നത്.

കെ – ഫോണ്‍ ട്രാന്‍സ്മിഷന്‍ നടത്തുന്നതിനായി, കേബിള്‍ വലിക്കാന്‍ ഒരു പോസ്റ്റിന് 350 രൂപയോളം വാടക വരും. ഒരു കിലോമീറ്ററില്‍ 40 പോസ്റ്റുണ്ടെങ്കില്‍ വാടകയിനത്തില്‍ മാത്രം 15,000 രൂപയോളം ചെലവ് വരും. ചുരുക്കത്തില്‍ സ്വന്തമായി ശൃംഖലയുണ്ടാക്കുന്നതിനു പകരം വാടക നല്‍കി ഒരു പൊതുവായ ശൃംഖല ഉപയോഗിക്കാന്‍ സേവനദാതാക്കള്‍ താല്‍പര്യം കാണിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ഇപ്പോഴുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ 34,859 കിലോമീറ്റര്‍ കേബിളാണ് വലിക്കേണ്ടത്. ഇതില്‍ 7,751 കിലോമീറ്റര്‍ കേബിള്‍ ലയിംഗ് പ്രോസസ് പൂര്‍ത്തിയായി. കെഎസ്‌ഇബി വൈദ്യുതി പോസ്റ്റുകളിലൂടെ എഡിഎസ്‌എസ് കേബിളും (ഓള്‍ ഡൈ-ഇലക്‌ട്രിക് സെല്‍ഫ് സപ്പോര്‍ട്ടിങ് കേബിള്‍) കെഎസ്‌ഇബിയുടെ ട്രാന്‍സ്മിഷന്‍ ടവറുകളിലെ പ്രധാന ലൈനുകളില്‍ ഒപിജിഡബ്ല്യു (ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍) കേബിളുമാണ് ഉപയോഗിക്കുന്നത്.

3. അപ്പോള്‍ എല്ലാവര്‍ക്കും ഫൈബര്‍ നെറ്റ് കണക്ഷന്‍ കിട്ടുമോ ?

ഇല്ല, ഗാര്‍ഹിക കണക്ഷനുകള്‍ കെ – ഫോണിന്റെ ആദ്യ ഘട്ടത്തില്‍ ഉണ്ടാകില്ല. പകരം കേരത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും ആയിരിക്കും ആദ്യഘട്ട കണക്ഷന്‍ ലഭിക്കുക. ഇതില്‍ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ 1000 ഓഫിസുകളെയാണ് ആദ്യഘട്ടത്തില്‍ ബന്ധിപ്പിക്കുന്നത്. ആകെയുള്ള 29,500 ഓഫിസുകളില്‍ 5783 ഓഫിസുകളില്‍ കേബിളിങ് ഇതുവരെ പൂര്‍ത്തിയായിക്കഴിഞ്ഞു.

കെ-ഫോണ്‍ രണ്ടാം ഘട്ടത്തില്‍ ഗാര്‍ഹിക കണക്ഷനുകള്‍ ലഭ്യമാകുമെന്നാണ് നമുക്കിപ്പോള്‍ അറിയാന്‍ കഴിയുന്നത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കെ-ഫോണ്‍ ശൃംഖല ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നല്‍കേണ്ട വാടകയില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്‌ഷന്‍ നല്‍കാനുള്ള ചെലവ് കണ്ടെത്താനാണ് തീരുമാനം. കെ-ഫോണ്‍ ശൃംഖല ഉപയോഗിക്കുന്നതിനു സേവനദാതാവ് നല്‍കുന്ന വാടകയില്‍ നിന്നു സൗജന്യ കണക്‌ഷനുകളുടെ തുക ഇളവ് ചെയ്യുന്ന രീതിയാണ് പരിഗണനയിലുള്ളത്.

4. ജിയോ പോലെയുള്ള വന്‍കിട കമ്ബനികള്‍ അവരുടെ തന്നെ ഫൈബര്‍ നാട്ടില്‍ മുഴുവന്‍ വലിക്കുമ്ബോള്‍ എന്തിനാണ് ഈ കെ – ഫോണ്‍ പോലെയൊരു പദ്ധതി ? സ്വകാര്യ കമ്ബനികളുടെ ഫൈബര്‍ ലൈനുകളും കണക്ഷനുകളും ഒരുപാട് ഉണ്ടല്ലോ ?

സ്വാഭാവികമായും എല്ലാവര്‍ക്കും ഉണ്ടാകുന്ന സംശയമാണിത്. കാരണം ജിയോ, എയര്‍ടെല്‍, ഏഷ്യനെറ്റ്, കേരളവിഷന്‍ അടക്കമുള്ള കമ്ബനികള്‍ , നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും ഓഫീസുകളിലും, വ്യാപാര സ്ഥാപനങ്ങളിലുമൊക്കെ നെറ്റ്, ഫോണ്‍, വോയിസ് സര്‍വീസ് ഒക്കെ നല്‍കുന്നുണ്ട്. പിന്നെ എന്തിനാണ് ഈ കെ – ഫോണ്‍. ആ ചോദ്യത്തിന് ഉത്തരം ഇതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്‌ നിലവില്‍ ഏറ്റവും കൂടുതല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ബിഎസ്‌എന്‍എല്ലിനാണുള്ളത്. അത് ഏകദേശം 20,000 കിലോമീറ്ററാണ്. അതുതന്നെ എക്സ്ചേഞ്ചുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനാണ് ബിഎസ്‌എന്‍എല്‍ ഉപയോഗിക്കുന്നത്. രണ്ടാമത് ഏകദേശം 5000 കിലോമീറ്റര്‍ ഫൈബര്‍ ലൈനുള്ള ജിയോ ആണ്. ബാക്കിയുള്ളവ ഏകദേശം 1000 കിലോമീറ്ററും. എന്നാല്‍ ഇവയൊന്നും ഗ്രാമ പ്രദേശങ്ങളില്‍ അല്ല എന്നുള്ളതാണ് സത്യം. നഗരപ്രദേശങ്ങളില്‍ മാത്രമാണ് ഈ കണക്ഷനുകള്‍ ലഭ്യമാവുന്നത്. അതുകൊണ്ട് തന്നെ കെ – ഫോണ്‍ പോലെയുള്ള ഒരു വലിയ ഫൈബര്‍ നെറ്റ്‌വര്‍ക്ക് സംവിധാനം നിലവില്‍ വന്നാല്‍ നഗരങ്ങളില്‍ ലഭിക്കുന്ന പോലെതന്നെ നാട്ടിന്‍പുറങ്ങളിലും ഇന്റര്‍നെറ്റും മറ്റു സൗകര്യങ്ങളും ലഭ്യമാകും. അത് തന്നെയാണ് കെ – ഫോണിന്റെ ലക്ഷ്യവും.

spot_img

Related Articles

Latest news