മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കര നാരായണൻ അന്തരിച്ചു. 89 വയസായിരുന്നു. കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു. മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി. അരുണാചൽ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു. 16 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. സംസ്ഥാന ഗവർണർ, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, യുഡിഎഫ് കൺവീനർ, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1946ൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷന്റെ പ്രവർത്തകനായി. പിന്നീട് സജീവ രാഷ്ട്രീയ പ്രവർത്തകനായി. പാലക്കാട് ഡിസിസിയുടെ സെക്രട്ടറിയായും പ്രസിഡന്റായും കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. പാലക്കാട്ടെ സ്വന്തം വീട്ടിൽ വിശ്രമ ജീവിതം നയിച്ചുവരുന്നതിനിടയിലാണ് മരണം.