ഒരു അറേബ്യൻ മുരിങ്ങ പുരാണം

By : അബ്ദുൽ ജബ്ബാർ, അൽ ഖോബാർ

ശനിയാഴ്ച രാവിലെ കട തുറക്കാൻ ചെന്നപ്പോൾ തീരെ പതിവില്ലാതെ സ്പോൺസർ മുൻവശത്ത് തന്നെ നിൽപ്പുണ്ട്. സാധാരണ പുള്ളിക്ക് ഉച്ചക്ക് പന്ത്രണ്ട് മണി കഴിഞ്ഞാണ് സൂര്യൻ ഉദിക്കാറ്.

ആ നിൽപ്പ് കണ്ടാൽ തന്നെ അറിയാം, എന്തോ പന്തികേടുണ്ടെന്ന്. ആ ശരീര ഭാഷയും മുഖഭാവവും ഒക്കെ കണ്ടപ്പോൾ ചാടി വീഴാൻ പോവുകയാണോ എന്ന് പോലും സംശയിച്ചു. ചെറുപ്പത്തിൽ കുറച്ചു ദിവസം കളരിക്ക് പോയപ്പോഴൊന്നും പെട്ടെന്ന് ചാടി വീണാൽ ഒഴിഞ്ഞു മാറാനുള്ള അടവുകളൊന്നും പരിശീലിപ്പിക്കാത്തത് കൊണ്ട് ആകെ ഞാൻ ആലോചിച്ചത് പത്തൊമ്പതാമത്തെ അടവായ ഓട്ടമായിരുന്നു.

ഞാൻ എത്തിയതും പുള്ളി അറബി ഭാഷയിലെ സകലമാന വാക്കുകളും എടുത്ത് തലങ്ങും വിലങ്ങും എറിയുകയാണ്. പണ്ട് മദ്രസയിൽ നിന്ന് പഠിച്ച അറബി വാക്കുകളിൽ ഒരെണ്ണം പോലും ആ കേട്ടതിൽ ഇല്ലായിരുന്നു. പല പ്രാവശ്യം ആവർത്തിച്ച മജ്‌നൂൻ, ഹിമാർ എന്നീ വാക്കുകൾ മാത്രമാണ് എനിക്ക് ആകെ ഓർമ്മയിൽ തങ്ങി നിന്നത്.

വാക്കേറുകളുടെ വേഗത കുറയുന്നതും കിതപ്പ് ശമിക്കുന്നതും കണ്ടപ്പോൾ ആശ്വാസമായി. ഉടുത്തിരുന്ന വെള്ള പൈജാമ വലിച്ചു കയറ്റി നിന്ന നിൽപ്പിൽ തന്നെ യൂ ടേൺ എടുത്ത് അകത്തു പോയി വാതിൽ കൊട്ടി അടച്ചത് എന്റെ മുഖത്തേക്കാണെന്നു ഉറപ്പ്.

ചുറ്റും നോക്കിയപ്പോൾ ആരും ഇല്ല, ആശ്വാസമായി. ഭാഗ്യത്തിന് ആ കട പട്ടണത്തിൽ നിന്ന് ദൂരെ മാറി പുള്ളിയുടെ വീടിനോട് തൊട്ടു ചേർന്നായത് കൊണ്ട് ഒറ്റ മലയാളിയും കണ്ടില്ല. ആരെങ്കിലും കണ്ടാൽ മാനം പോയേനെ.

ഈ മാനം എന്നൊക്കെ പറയുന്നത് ആരെങ്കിലും കാണുമ്പോൾ മാത്രം നഷ്ടമാകുന്ന സാധനം ആയതുകൊണ്ട് തരക്കേടില്ല. ഇവിടെ പിന്നെ ആള് കണ്ടാലും അങ്ങനെ പെട്ടെന്നൊന്നും പോവുകയും ഇല്ല.

നിന്ന നിൽപ്പിൽ അപ്രതീക്ഷിതമായ കടന്നു കയറ്റത്തിന്റെ കാരണം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നുമില്ല.

കട തുറക്കാൻ താമസിച്ചിട്ടില്ല, പിന്നെ സാധനങ്ങൾ കടയിൽ കുറവ് വന്നോ? അങ്ങനെ ഒരു സാധ്യതയില്ല, എന്തെങ്കിലും അവിടെ ഉണ്ടായിട്ടു വേണ്ടേ? ഇനി വീട്ടുജോലിക്കാരി അക്തർ ബാനു വല്ല പരാതിയും… സൗദിയിലെ കാലാവസ്ഥ അറിയുന്നത് കൊണ്ട് അങ്ങനെ ഒരു പൂതി സ്വപ്നത്തിൽ പോലുമില്ല.

പിന്നെ വിചാരിച്ചു എല്ലാ ശനിയാഴ്ചയും ഇതൊരു പതിവുള്ള ഏർപ്പാടായിരിക്കുമെന്ന്.

ഓരോന്നാലോചിച്ച് കട തുറക്കേണ്ട താമസം, കൃത്യമായി ഈച്ചകൾ എത്തി തുടങ്ങി. ഒഴിഞ്ഞ സ്ഥലത്തെ കടയായതു കാരണം ഈച്ചകൾക്ക് യാതൊരു ക്ഷാമവുമില്ലായിരുന്നു. എനിക്കാണെങ്കിൽ ഈച്ചകളെ നാലയലത്തു കാണുന്നത് തന്നെ വെറുപ്പാണ്. അവറ്റകൾ കൃത്യമായി മുഖത്ത് തന്നെ പറ്റും.

ഈച്ച മുഖത്തിരുന്നാലും ഒരു പ്രശ്നമില്ലാത്ത ആളുണ്ടെങ്കിൽ ജീവിതത്തിൽ ഒരിക്കൽ പോലും ദേഷ്യപ്പെടാത്ത ആളായിരിക്കും എന്ന് നമുക്ക് ഫിലോസോഫിക്കലായി പറയാം. അവരുടെ മക്കൾ എത്ര ഭാഗ്യവാന്മാർ. എത്ര നല്ല സന്തുഷ്ട കുടുംബം.

ഇവയുടെ സാന്നിധ്യം മുൻകൂട്ടി അറിഞ്ഞത് കൊണ്ടാവണം കടയിൽ വിൽപ്പനക്ക് വച്ച സാധനത്തിൽ ഏറ്റവും ആകർഷകമായ ഒരിനം ഈച്ചയെ കൊല്ലാനുള്ള സ്പ്രേ ആണ്. കാണുന്നത് പോലെ അതിന്റെ പേരും മനോഹരമാണ്, റൈഡ്. നല്ല പിങ്ക് കളറിൽ മനോഹരമായ ഒരീച്ചയുടെ ചിത്രം കൂടി ചേർത്ത ഒരു സുന്ദരൻ, നല്ല മണവും.

ശല്യം സഹിക്കാതെ ഇടക്ക് ഈ സ്പ്രേ എടുത്ത് മുഖത്തടിച്ചാലോ എന്ന് വരെ തോന്നിയതാണ്.

പിന്നെ ഈച്ചയുടെ മരുന്നടിച്ച് പ്രവാസി ആത്മഹത്യ ചെയ്തു എന്ന് പത്രത്തിൽ വന്നാലോ. ഒന്ന് രണ്ടു ദിവസം കഴിഞ്ഞു മാത്രമേ പത്രം കിട്ടുവെങ്കിലും അറിഞ്ഞാൽ നമ്മുടെ വില പോയാലോ ?. അങ്ങനെ മരിക്കുന്നെങ്കിൽ കടലിൽ ചാടിയാൽ പോരെ ? പേര് ദോഷം മാറിക്കിട്ടുമല്ലോ ?

വന്നത് മുതൽ ഉച്ചക്കുള്ള ഭക്ഷണം കടയിൽ കൊണ്ട് തരാറാണ്‌ പതിവ്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീട്ടു ജോലിക്കാരി ഭക്ഷണം കഴിക്കാൻ ഉള്ളിലേക്ക് ക്ഷണിച്ചു. ഇന്ത്യക്കാരിയാണ്. അല്പം ഭയത്തോടെ ശങ്കിച്ചു നിന്നപ്പോൾ അവർ പറഞ്ഞു.

കോയി ബാത്ത് നഹി, അന്തർ ആയിയെ, ഉമ്മീനെ കഹാ.

സ്‌കൂളിൽ പഠിക്കുമ്പോൾ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിഷയമായിരുന്നു ഹിന്ദി. അമ്പതിൽ ഇരുപത്തി മൂന്ന് മാർക്ക് വരെ ഞാൻ വാങ്ങിയിട്ടുണ്ട്. അതു കൊണ്ട് ആദ്യം പറഞ്ഞത് മനസ്സിലായി. പിന്നെ ഉമ്മീനെ കഹാ എന്ന് മാത്രമായിരുന്നു അറിയാത്തത്. പിന്നീടാണ് മനസ്സിലായത് അവരുടെ വീട്ടുടമസ്ഥയെ ഉമ്മീ എന്നാണ് വിളിക്കാറ് എന്ന്.

ഇനിയാണ് നമ്മുടെ കഥാനായികയെ പരിചയപ്പെടാൻ പോകുന്നത്. വാതിൽ തുറന്ന് അകത്ത് കണ്ട ഉടനെ കണ്ടത് നല്ല പ്രായപൂർത്തിയെത്തിയ മുരിങ്ങ മരം. സർവ്വാഭരണ ഭൂഷിതയായി മേലാസകലം പൂ ചൂടി കൊലുസ്സുകൾ തൂക്കിയിട്ട് അങ്ങനെ നിൽക്കുന്നു. വാതിൽ തുറന്ന് എന്നെ കണ്ട ഉടൻ ഒന്ന് തലയാട്ടി പണ്ടെങ്ങോ കണ്ടത് പോലെ ചെറുതായി ചിരിക്കുന്നില്ലേ എന്ന് വരെ തോന്നി.

ഒരു കാര്യം സംശയ ലേശമില്ലാതെ പറയാം. ആള് മലയാളിയാണ്. എനിക്ക് മുമ്പ് കേരളത്തിൽ നിന്ന് വന്ന ഏതോ ഒരാളുടെ കൂടെ പെട്ടിയിൽ ചുരുണ്ടു കൂടി കയറിപ്പറ്റിയതാണ്. അയാൾ തന്നെയായിരിക്കും ഇവിടെ നട്ടതും പോറ്റി വളർത്തി ആളാക്കിയതും. എന്തോ അയാൾ വേറെ ജോലി കിട്ടി പോയപ്പോൾ ഇവിടെ ഉപേക്ഷിച്ച് പോയതായിരിക്കും.

സന്തോഷായി . പരിചയമുള്ള ഒരാളുണ്ടല്ലോ.

മറ്റൊന്നും കാര്യമായി പറയാനില്ലാത്തത് കൊണ്ട് വിശദമായി തന്നെ അന്നന്നത്തെ കാര്യങ്ങൾ മുറിയിലെത്തിയാൽ പറയാനുണ്ടാകും. മുരിങ്ങ മരത്തിന്റെ കാര്യവും പൊലിപ്പും തൊങ്ങലും വച്ചങ്ങു കാച്ചി. പിന്നെ പറയേണ്ടല്ലോ പുകില്.

റൂമിൽ ഇപ്പോൾ ഒരു പതിവുകാരനായിരിക്കുന്നു മുരിങ്ങ. അങ്ങനെ ദിവസം കഴിയുന്തോറും ഞാനാ യൗവനയുക്തയായ മുരിങ്ങമരത്തിന്റെ ആഭരണങ്ങൾ ഒന്നൊന്നായി അഴിച്ച് റൂമിൽ എത്തിക്കും. ഒരു ദിവസം കായ, പിന്നെ പൂവ്, പിന്നെ ഇല. അത് കൊണ്ടു മെസ്സ് ജോലികളിൽ കുറച്ചു ഇളവുണ്ട്. തർക്കിച്ചാൽ ഞാൻ മുടക്കിയാലോ?

അങ്ങനെ തുടരുന്നതിനിടയിലാണ് ഒരു ദിവസം നമ്മുടെ സ്പോൺസർ കയ്യോടെ പിടി കൂടി ചോദ്യം ചെയ്യാൻ തുടങ്ങിയത്. പുള്ളിക്കറിയേണ്ടത് ഈ കൊണ്ടു പോകുന്നതിൽ ഏതാണ് ഉത്തമം എന്നാണ്.

വാരാന്ത്യം ആയത് കൊണ്ട് തന്നെ ഞാൻ നല്ല ആവേശത്തിൽ, സമൃദ്ധമായി തന്നെ ഇംഗ്ളീഷും അറബിയും ഹിന്ദിയും മലയാളവും ഒക്കെ ചേർത്ത് മുരിങ്ങ മുഴുവൻ നല്ലതാണെന്നങ്ങ് കാച്ചി. കാര്യങ്ങൾ ഒക്കെ വിശദീകരിച്ചപ്പോൾ പുള്ളി കരുതിയിരിക്കുക ഞാനൊരു കൃഷി ഓഫിസറോ മറ്റോ ആണെന്നാണോ? ഒക്കെ മനസ്സിലായെന്ന് അർത്ഥത്തിൽ തലയാട്ടിയിരുന്നു.

അന്ന് നല്ല നിലയിൽ കണ്ട് പിരിഞ്ഞിട്ട് ഒറ്റ ദിവസ്സം കഴിയുമ്പോഴേക്കും എന്തായിരിക്കും സംഭവിച്ചിരിക്കുക.

ഉച്ചഭക്ഷണത്തിന്റെ സമയമായപ്പോൾ അക്തർ ചെല്ലാൻ പറഞ്ഞു. മുഖം മറച്ചിരുന്നെങ്കിലും ഒരു കള്ളച്ചിരി ഞാൻ വായിച്ചെടുത്തു.

പോകുന്നതിനിടയിൽ ചോദിച്ചു

“സ്പോൺസർ നല്ല കലിപ്പിലാണല്ലോ ? എന്ത് പറ്റി ? ”

വിശദമായി നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്.

സത്യത്തിൽ അത് ആരായാലും ചെയ്തു പോകും. പുള്ളി എന്നെ വെറുതെ വിട്ടത് തന്നെ ഭാഗ്യം.

കൊലപാതക ശ്രമത്തിന് പോലീസിൽ ഏല്പിക്കേണ്ട കേസാണ്. ചിലപ്പോൾ നാണക്കേട് കൊണ്ടായിരിക്കും ചെയ്യാതിരുന്നത്. വയറിളക്കി കൊല്ലാൻ ശ്രമിച്ചു എന്ന പരാതി പോലീസ് സ്വീകരിക്കുമോ

കാര്യം എന്താണെന്നല്ലേ..

മുരിങ്ങയുടെ എല്ലാ ഭാഗവും പോഷക സമൃദ്ധമാണെന്ന് ഞാൻ പറഞ്ഞിരുന്നു. അതെങ്ങിനെ കഴിക്കണമെന്ന് പുള്ളി ചോദിച്ചതുമില്ല, ഞാൻ പറഞ്ഞുമില്ല. ഇനി ചോദിച്ചാൽ തന്നെ എന്താണ് പറയുക. സാമ്പാറും അവിയലും തോരനും ഒക്കെ ഇവർക്കറിയുമോ ?

കേട്ട പാതി, കേൾക്കാത്ത പാതി, പുള്ളി കായും പൂവും ഇലയും ഒക്കെ നിറഞ്ഞു നിന്ന ഒരു കമ്പ് ഒടിച്ചെടുത്തു അരച്ച് ഒരു സൂപ്പുണ്ടാക്കാൻ ജോലിക്കാരിയോട് പറഞ്ഞത്രേ. അവർ അതിനു ശുറൂബ എന്നോ മറ്റോ പറയും. മട്ടൺ ഒക്കെയിട്ട് അല്പം ഗോതമ്പും ചേർത്ത് ഒടിച്ചെടുത്ത മുരിങ്ങ കൊമ്പും അരച്ചെടുത്ത് വേവിച്ചു പുള്ളി നന്നായി കുടിച്ചത്രേ.

വെള്ളിയാഴ്ച ഉച്ചക്ക് കഴിച്ചു കിടന്ന് ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞു നേരെ പോയത് ടോയ്‌ലെറ്റിലേക്കാണ്. പിന്നെ തീരെ ഒഴിവ് കിട്ടിയില്ലെന്ന് പറഞ്ഞു. അവസാനം ആശുപത്രിയിൽ കൊണ്ടു പോകേണ്ടി വന്നു എന്നും പറഞ്ഞു.

ഇത്ര ഗുരുതരം അല്ലെങ്കിലും എല്ലാവരും ഉത്സാഹത്തിൽ ആയിരുന്നു എന്നും അക്തർ. കൂടുതൽ കഴിച്ചവർ വിശ്രമമില്ലാതെ.

ഭാഗ്യത്തിന് അവർക്കു ശുറൂബ അത്ര ഇഷ്ടമില്ലാത്തത് കാരണം കാര്യമായി കഴിച്ചില്ല എന്നും പറഞ്ഞു.

കുറെ കാലമായി കാത്തിരിക്കുന്ന നല്ലൊരു അവസരം തന്റെ പങ്കാളിത്തമില്ലാതെ തന്നെ നടത്താൻ  കഴിഞ്ഞ ഒരു സന്തോഷം അക്തറിന്റെ വിവരണത്തിൽ ശരിക്കും വായിക്കാം. അത് എന്റെ കൈ കൊണ്ടായതിന് നന്ദി അറിയിക്കുകയാണോ എന്ന് പോലും തോന്നി..

വിവരം അറിഞ്ഞപ്പോൾ സമാധാനമായി. വധശ്രമത്തിന് കേസ് ചാർജ് ചെയ്യണ്ട വകുപ്പുണ്ട്. പുള്ളിയുടെ വിസ ഏർപ്പാട് നിന്ന് പോകുമല്ലോ എന്ന് കരുതി ഒഴിവാക്കിയതായിരിക്കും.

വർഷം ഏറെ കഴിഞ്ഞെങ്കിലും എനിക്ക് ഈ മുരിങ്ങ മരം കാണുമ്പോഴൊക്കെ ചിരിവരും.

ഒരുകാര്യം അന്ന് ഞാൻ മനസ്സിലാക്കി. നമുക്കു പറഞ്ഞു മനസ്സിലാക്കാൻ കഴിയാത്ത ഭാഷയാകുമ്പോൾ ഏറ്റവും നല്ല മാർഗ്ഗം ആംഗ്യ ഭാഷ തന്നെ. ഒരു കുഴപ്പവുമില്ല. പൊല്ലാപ്പിൽ ചെന്ന് പെടണ്ടല്ലോ.

അബ്ദുൽ ജബ്ബാർ, അൽ ഖോബാർ .  സൗദിയിലെ അൽഖോബാറിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി.

spot_img

Related Articles

Latest news