കൊച്ചി: കളമശ്ശേരിയിൽ മണ്ണിടിഞ്ഞു വീണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. നാല് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കളമശ്ശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് സിറ്റി നിർമാണം നടക്കുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.
കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞു തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടം ഉണ്ടായത്. അഞ്ചുപേർ കുഴിക്കുള്ളിൽ കുടുങ്ങി കിടക്കുന്നതായി നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഫയർഫോഴ്സ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഒരാളുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പോലീസും അറിയിച്ചു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നത്. സ്ഥലത്ത് വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്താണ് രക്ഷാപ്രവർത്തനം. അതേസമയം, കുടുങ്ങി കിടക്കുന്നവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.