കണ്ണൂർ : കല്യാശേരി മണ്ഡലത്തിലെ മാതൃകാ വിദ്യാലയമായി തെരഞ്ഞെടുത്ത ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതയി നിർമിച്ച കെട്ടിട സമുച്ചയം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്തിന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കിഫ്ബി, എംഎൽഎ ഫണ്ട്, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് , ചെറുതാഴം ബാങ്ക്, പൂർവവിദ്യാർഥികൾ, നാട്ടുകാർ എന്നിവരിൽനിന്ന് ശേഖരിച്ച 13 കോടി രൂപ ചെലവിട്ടാണ് സ്കൂളിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയത്. എല്ലാ ക്ലാസ് മുറികളിലും ആധുനിക ഫർണിച്ചർ, എൽസിഡി പ്രോജക്ടർ, ക്ലാസ് റൂം ലൈബ്രറി, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ആധുനിക ജിംനേഷ്യം, റിക്കോഡിങ് സ്റ്റുഡിയോ, ബാസ്കറ്റ് ബോൾ കോർട്ട്, ലാംഗ്വേജ് ലാബ് മുതലായവയും ഒരുങ്ങി. 400 കുട്ടികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിങ് ഹാളുമുണ്ട്. മൈതാനം, ഗാന്ധി –-ഗുരു പ്രതിമകൾ, ആധുനിക ടോയ്ലറ്റുകളും പ്രൈമറി വിഭാഗത്തിന് പ്രത്യേക സയൻസ് ലാബും ഒരുക്കി. വാർത്താസമ്മേളനത്തിൽ ടി വി രാജേഷ് എംഎൽഎ, ടി വി ഉണ്ണികൃഷ്ണൻ, പി വി ഗംഗാധരൻ, എ രാജേഷ്, എ ഷംസുദ്ദീൻ, എം ദിവാകരൻ എന്നിവർ പങ്കെടുത്തു.