കൊവിഡ് ചികില്‍സ: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ഏറ്റെടുത്തു

കണ്ണൂര്‍: കൊവിഡ് കേസുകള്‍ ജില്ലയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊവിഡ് രോഗികള്‍ക്ക് ചികില്‍സ ഉറപ്പാക്കാനായി അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ജില്ലാ ദുരന്താനിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പൂര്‍ണമായും ഏറ്റെടുത്ത് ഉത്തരവായി. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലാത്ത രീതിയില്‍ ആശുപത്രി പ്രവര്‍ത്തിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള ബെഡുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ അപര്യാപ്തമാണ്. ഐസിയു, വെന്റിലേറ്റര്‍ സൗകര്യം അധികമായി ആവശ്യം വരുന്ന സാഹചര്യത്തിലാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണമായും ഏറ്റെടുത്ത് കൊവിഡ് ചികില്‍സയ്ക്കു സൗകര്യം ഒരുക്കാന്‍ ജില്ലാ ദുരന്തനിവാരണ സമിതി തീരുമാനിച്ചത്.

ദുരന്തനിവാരണ നിയമത്തിലെ 34, 65 വകുപ്പ് പ്രകാരവുമുള്ള പകര്‍ച്ചവ്യാധി നിയമപ്രകാരവുമുള്ള അധികാരം ഉപയോഗിച്ചാണ് ആശുപത്രി ഏറ്റെടുത്തത്. കൊവിഡ് ബി, സി കാറ്റഗറിയില്‍പ്പെട്ട രോഗികളെയായിരിക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. ആശുപത്രിയില്‍ എത്തിച്ചേരുന്ന കൊവിഡ് ഇതര രോഗികളെ ജില്ലാ വാര്‍ റൂം മുഖാന്തരം മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യും.

ആശുപത്രിയുടെ നടത്തിപ്പിനായി ജില്ലാ ഭരണകൂടത്തിലെയും ജില്ലാ മെഡിക്കല്‍ ഓഫിസിലെയും പ്രതിനിധികള്‍ അടങ്ങുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡും പ്രവര്‍ത്തിക്കും. നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെ ചികില്‍സ അവിടെ തുടരുകയോ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യുമെന്നും ഉത്തരവില്‍ പറഞ്ഞു

spot_img

Related Articles

Latest news