എളമരം കരീമിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിജി

കോഴിക്കോട്: രാജ്യസഭാ അംഗവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ എളമരം കരീമിന്റെ കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിജി. കോഴിക്കോട് നടന്ന പൊതു പരിപാടിക്കിടെ ചേവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിജി എന്ന സ്ഥാപനത്തെ കുറിച്ച്‌ ഉന്നയിച്ചത്‌ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് അധികൃതര്‍ കുറ്റപ്പെടുത്തി.

ചേവായൂരില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ പേര് സെന്റർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI) എന്നാണ്. 1996ല്‍ സ്ഥാപിക്കപ്പെട്ട സിജി, സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാറിതര സന്നദ്ധ സംഘമാണ്. മത ജാതി രാഷ്ടീയ ഭേദമന്യേ എല്ലാവര്‍ക്കും അംഗത്വം എടുക്കാവുന്ന ഈ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ സ്ഥാപനത്തിന്റെ ഭൂമി വാങ്ങിയിരിക്കുന്നത് ശ്രീ. എളമരം കരീം പ്രസ്താവിച്ചത് പോലെ ഏതെങ്കിലും മത സംഘടനയുടെ പേരിലല്ല. മറിച്ച്‌ സിജിക്ക് വേണ്ടി അന്നത്തെ പ്രസിഡണ്ട് ഡോ. കെ. എം. അബൂബക്കറിന്റെ പേരിലാണ്.

സിജിയുടെ സ്ഥാപക പ്രസിഡണ്ട് ഡോ. കെ. എം അബൂബക്കര്‍ ഭാഭാ അറ്റോമിക്ക് റിസര്‍ച്ച്‌ സെന്ററില്‍ നിന്ന് വിരമിച്ച ഒരു ശാസ്ത്രജ്ഞന്‍ മാത്രമാണ്. അദ്ദേഹത്തിന് ഏതെങ്കിലും മത സംഘടനയില്‍ അംഗത്വമോ വിദൂര ബന്ധമോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അക്കാദമിക രംഗത്തും സാമൂഹ്യരംഗത്തും പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭരായ വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് സിജിയെന്ന് അധികൃതര്‍ വിശദീകരിച്ചു.

കേരളാ സര്‍വ്വകലാശാല മുന്‍ പി.വി. സി.യും ഇടത് സഹയാത്രികനമായിരുന്ന ഡോ. എന്‍. . കരിം, എഴുത്തുകാരനും ആർ ഇ സി യുടെ മുൻ പ്രിൻസിപ്പലുമായിരുന്ന ഡോ. കെ. എം. ബഹാവുദീന്‍ എന്നിവര്‍ സിജിയുടെ സോണല്‍ ഡയറക്ടര്‍മാരായിരുന്നു. ഡോ. കെ. എം. അബൂബക്കറിന് ശേഷം സിജിയുടെ പ്രസിഡണ്ട് സ്ഥാനത്തിരുന്ന ജസ്റ്റിസ് പി.കെ. അബ്ദുല്‍ ഗഫൂര്‍ ഇടത് അനുഭാവിയായിരുന്നു.

യോഗ്യരായ കരിയര്‍ കൗണ്‍സലര്‍മാരെ ഉപയോഗിച്ച്‌ തികച്ചും സൗജന്യമായിട്ടാണ് കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി സിജി കരിയര്‍ ഗൈഡന്‍സ് നല്‍കി വരുന്നത്. രാഷ്ട്രീയ മത ജാതി പ്രാദേശിക ഭേദമില്ലാതെ കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ക്ക് ആധികാരികവും സമഗ്രവുമായ ഉപരിപഠന തൊഴില്‍ വിദഗ്ധ മാര്‍ഗനിര്‍ദേശം നല്‍കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യയുടെ സേവനം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപെട്ടിട്ടുണ്ട്.

ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലേക്കും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലേക്കും മറ്റും വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനമാണ് സിജി എന്ന തികച്ചും ബാലിശമായ അബദ്ധ പരാമര്‍ശമാണ് ഒരു രാഷ്ട്രീയ നേതാവ് നടത്തിയിട്ടുള്ളത്. ഇത് തികച്ചും ഖേദകരമാണ്. സുതാര്യമായ പ്രവേശന പ്രക്രിയയിലൂടെ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ അതിപ്രശസ്തമായ സര്‍വകലാശാലാ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് മറ്റാര്‍ക്കും സാധ്യമല്ലെന്ന് രാഷ്ട്രീയ നേതാക്കള്‍ മനസ്സിലാക്കണം.

ഗുണഭോക്താക്കളില്‍ നിന്ന് ഒരു ഫീസും ഈടാക്കാതെ സിജി നടത്തികൊണ്ടിരിക്കുന്ന കരിയര്‍ ഗൈഡന്‍സ് സേവനങ്ങളെ ഒന്നിലേറെ തവണ സിജിയില്‍ നേരിട്ട് വന്ന് മുക്തകണ്ഡം പ്രശംസിച്ച രാഷ്ട്രീയ നേതാവ് ഇത്തരത്തിലുള്ള ഒരു വിവാദത്തിലേക്ക് സിജിയെ പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തെ വലിച്ചിഴച്ചത് തീര്‍ത്തും അപലപനീയമാണ്. തെറ്റുകള്‍ മനസ്സിലാക്കി അത് തിരുത്താനുള്ള ശ്രമം ശ്രീ. എളമരം കരീം ഉടന്‍ തന്നെ നടത്തുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് സിജി അധികൃതര്‍ വ്യക്തമാക്കി.

spot_img

Related Articles

Latest news