തിരുവനന്തപുരം: നീതിതേടിയുള്ള സി.പി.ഒ റാങ്ക് ഹോള്‍ഡര്‍മാരുടെ സെക്രട്ടറിയെറ്റ് മാര്‍ച്ചിലും മഹാസംഗമത്തിലും പ്രതിഷേധമിരമ്പി. അനിശ്ചിതകാല സമരത്തിന്റെ 25ാം ദിവസം വിവിധ ജില്ലകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളാണ് മാര്‍ച്ചില്‍ അണിനിരന്നത്. രാവിലെ 11നാണ് മാര്‍ച്ച് നിശ്ചയിച്ചതെങ്കിലും ഏഴു മുതല്‍ പാളയത്ത് സമരക്കാര്‍ തടിച്ചുകൂടിയിരുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്റെ ഫോട്ടോ പതിച്ചുള്ള റീത്തുമായായിരുന്നു പ്രകടനം.
സെക്രട്ടറിയെറ്റ് നടയില്‍ ജസ്റ്റിസ് കെമാല്‍ പാഷ മഹാസംഗമം ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ജോലി കിട്ടണമെങ്കില്‍ ഡി.വൈ.എഫ്.ഐയില്‍ ചേരുകയോ അല്ലെങ്കില്‍ സി.പി.എം നേതാക്കളുടെ ബന്ധുക്കളാകുകയോ ചെയ്യേണ്ട സ്ഥിതിയാണെന്ന്അദ്ദേഹം ആരോപിച്ചു. മൂന്നും നാലും ചങ്കും മത്തങ്ങയുമുണ്ടെന്ന് പറയുന്നവര്‍ ഇത്തരം ജീവിത സമരങ്ങള്‍ കൂടി കാണണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഒ ഉദ്യോഗാര്‍ഥികളുടേത് ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ്. പുതിയ ലിസ്റ്റ് വരുന്നതുവരെ നിലവിലെ ലിസ്റ്റിന്റെ കാലാവധി നീട്ടിക്കൊടുക്കണം. എല്ലാം ശരിയാക്കാന്‍ വന്നവര്‍ എന്തുകൊണ്ട് സമരക്കാരുടെ പ്രശ്നം പരിഹരിക്കുന്നില്ല.
സമരക്കാരുടെ കണ്ണീര് കാണാന്‍ സ്വേച്ഛാധിപതികള്‍ക്ക് കഴിയണം. ഗാന്ധിജിയുടെ നിരാഹാര സമരം ക്രൂരന്മാരായ ബ്രിട്ടീഷുകാരുടെപോലും കണ്ണ് തുറപ്പിച്ചിട്ടുണ്ട്. എന്നാല്‍, അതിജീവനസമരം നടത്തുന്ന നിസ്സഹായരുടെ കണ്ണീരും സമരവും ഇവിടത്തെ രാജാക്കന്മാര്ക്ക് മുന്നില്‍ വിലപ്പോകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. പി.എസ്.സി നോക്കുകുത്തിയാണിപ്പോള്‍. സര്‍വകലാശാലകളെല്ലാം നേതാക്കളുടെ ഭാര്യമാര്‍ക്ക് പതിച്ചു കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ സമരം കേന്ദ്രത്തിലെ സ്വേച്ഛാധിപതികളുടെ കണ്ണ് തുറപ്പിക്കുന്നില്ല. വലിയ നീതിനിഷേധം നടക്കുന്ന കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിഫോം തുന്നാന്‍ കൊടുത്തവരാണ് ജോലി തേടി ഇവിടെയിരിക്കുന്നതെന്ന് എ.ഐ.ഡി.വൈ.ഒ സംസ്ഥാന സെക്രട്ടറി ഇ.വി. പ്രകാശ് പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതുവരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായില്ലെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും മറുപടി കിട്ടിയില്ലെന്നും സി.പി.ഒ നേതാവ് വിഷ്ണു ആരോപിച്ചു. എം. ഷാജര്‍ഖാന്‍, പി.സി. വിഷ്ണുനാഥ്, അഡ്വ. പത്മനാഭന് നായര്‍, എന്‍.കെ. ബിജു, പ്രകാശ്, അഫ്സല് ബാബു, ഷിയാസ് എന്നിവരും സംസാരിച്ചു.