കേരളത്തിനെന്തു പറ്റിയെന്ന് പഠിക്കാന്‍ കേന്ദ്ര സംഘം

15 സംസ്ഥാനങ്ങളില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നപ്പോഴും കേരളത്തില്‍ 16 പേര്‍ മരിച്ചു; ചികിത്സ നേടുന്ന രോഗികളില്‍ പകുതിയോളം കേരളത്തില്‍; കേരളത്തിനെന്തു പറ്റിയെന്ന് പഠിക്കാന്‍ കേന്ദ്ര സംഘം എത്തും

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണവും പ്രതിദിന മരണ നിരക്കും കുറയുമ്പോഴും കേരളത്തിലെ കോവിഡ് കണക്കുകള്‍ ഉയരുന്നു. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും പ്രതിദിന കേസുകള്‍ക്കും പുറമേ പ്രതിദിന മരണത്തിലും കേരളമാണ് ഇപ്പോള്‍ രാജ്യത്ത് ഒന്നാമതായി നില്‍ക്കുന്നത്. തിങ്കളാഴ്ച 15 സംസ്ഥാനങ്ങളില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നപ്പോഴും കേരളത്തില്‍ 16 പേര്‍ മരിച്ചു. രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുമ്പോള്‍ കേരളത്തിലെ കണക്കുകള്‍ ഉയരുന്നത് രാജ്യം ആശങ്കയോടെയാണ് ഉറ്റു നോക്കുന്നത്. കേരളത്തിനെന്തു പറ്റിയെന്ന് പഠിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തില്‍ എത്തും.

തിങ്കളാഴ്ച 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തില്ല. തിങ്കളാഴ്ച രാജ്യത്താകെ 78 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പതിനാറും കേരളത്തിലാണ് സംഭവിച്ചത്. തുടക്കത്തില്‍ കോവിഡിനെ പിടിച്ചു കെട്ടിയ കേരളത്തില്‍ വാക്‌സിനെത്തിയ സമയത്ത് കോവിഡ് കണക്കുകള്‍ കുതിച്ചുയരുമ്ബോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

മൊത്തം മരണം അര ലക്ഷം കടന്ന മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 15 മരണം മാത്രമാണു റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇന്നലെ മഹാരാഷ്ട്രയില്‍ 35 മരണവും കേരളത്തില്‍ 19 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല കോവിഡിന് ചികിത്സയിലുള്ളവരുടെ എണ്ണവും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ വളരെ കൂടുതലാണ്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമെല്ലാം കോവിഡ് രോഗികളുടെ എണ്ണം കുറയുമ്ബോള്‍ രാജ്യത്തു കോവിഡ് ചികിത്സയില്‍ തുടരുന്നവരില്‍ 45.72 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച വരെ രാജ്യത്താകെ ചികിത്സയിലുള്ളത് 1,43,625 പേര്‍; ഇതില്‍ 65,670 പേര്‍ കേരളത്തിലും 35,991 പേര്‍ മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ 71 % രോഗികളും ഈ 2 സംസ്ഥാനങ്ങളിലാണ്.

അരുണാചല്‍പ്രദേശ്, ത്രിപുര, മിസോറം, നാഗാലാന്‍ഡ്, ആന്‍ഡമാന്‍, ദാദ്രനാഗര്‍ ഹവേലി, ലക്ഷദ്വീപ് എന്നിങ്ങനെ ഏഴിടത്ത് മൂന്നാഴ്ചകളായി കോവിഡ് മരണമില്ല. രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ പ്രതിദിന മരണനിരക്കില്‍ 55 % കുറവുണ്ടായി.

സംസ്ഥാനത്ത് ഇന്നലെ 5214 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്നലെ 5214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4788 പേര്‍ക്കും വൈറസ് ബാധിച്ചതു സമ്ബര്‍ക്കത്തിലൂടെ. 336 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 61 പേരും 29 ആരോഗ്യപ്രവര്‍ത്തകരും കോവിഡ് പോസിറ്റീവായി. 69,844 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47%. ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവായപ്പോള്‍ 1179 പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്നലെ 19 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 3902.

കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 615, കൊല്ലം586, കോട്ടയം555, തൃശൂര്‍498, പത്തനംതിട്ട496, കോഴിക്കോട്477, തിരുവനന്തപുരം455, മലപ്പുറം449, ആലപ്പുഴ338, കണ്ണൂര്‍273, പാലക്കാട്186, കാസര്‍കോട്112, ഇടുക്കി100, വയനാട്74.

ആര്‍ടിപിസിആര്‍ നിരക്ക് കൂട്ടി

സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയാക്കി പുതുക്കി; മുന്‍പ് 1500 രൂപയായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണു നിരക്കു പുതുക്കിയതെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മറ്റെല്ലാ പരിശോധനാ നിരക്കുകളും പഴയതുപോലെ തുടരും. എക്സ്പേര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാംപ് 1150 രൂപ, ആന്റിജന്‍ 300 രൂപ.

spot_img

Related Articles

Latest news