ന്യൂഡല്‍ഹി> ഒരു പഞ്ചായത്തില്‍ ഒരു ടൂറിസം കേന്ദ്രം എന്ന പദ്ധതിയുമായി കേരള ടൂറിസം വകുപ്പ് മുന്നോട്ട്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മികച്ച സാധ്യതയുള്ളതും എന്നാല്‍ പുറത്ത് അറിയപ്പെടാത്തതുമായ സ്ഥലങ്ങളെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കേരള ടൂറിസം അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കടലോരങ്ങളിലും കായലുകളിലും ഹില്‍സ്റ്റേഷനുകളിലും മാത്രമായിരിക്കില്ല ഇനി ശ്രദ്ധിക്കുക. കാരവന് സ്റ്റേ, സാഹസിക യാത്രകള്‍, പൈതൃക– സാംസ്കാരിക കേന്ദ്രങ്ങളിലേയ്ക്ക് യാത്ര എന്നിങ്ങനെ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭിക്കുന്ന ടൂറിസം കേന്ദ്രമായി കേരളത്തെ വളര്‍ത്തിയെടുക്കും. സുസ്ഥിര ടൂറിസം വികസനം പ്രാദേശിക സമൂഹങ്ങള്‍ക്ക് മുതല്‍കൂട്ടാകുന്ന തരത്തിലേയ്ക്ക് മാറിയാലേ അര്‍ഥപൂര്‍ണമാകൂ എന്ന് ഡല്‍ഹിയില്‍ നടത്തിയ വാണിജ്യ സംഗമത്തിനു നല്കിയ സന്ദേശത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം കേരളം സര്‍വകാല നേട്ടം കൈവരിച്ചു. ആദ്യ ഒന്‍പത് മാസത്തില്‍ 1.33 കോടി വിനോദസഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. കോവിഡിന് മുമ്ബുള്ള കാലത്തെക്കാള്‍ ഇരട്ടിയോളമാണിത്. വിവാഹ വിനോദസഞ്ചാരത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലമായി കേരളത്തെ അവതരിപ്പിക്കും. സ്ഥലങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ ബ്രോഷറുകളായി ഓണ്‍ലൈന്‍ വഴിയും പ്രമോഷന് നടത്തുന്നു.
ചണ്ഡീഗഡ്, ജയ്പുര്‍, ലഖ്നൗ എന്നിവിടങ്ങളില്‍ കേരള ടൂറിസത്തിന്റെ റോഡ് ഷോ സംഘടിപ്പിക്കും. അഹമ്മദാബാദ്, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വാണിജ്യസംഗമങ്ങളും നടത്തുമെന്ന് കേരള ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരളീയ കലാരൂപങ്ങളും കളരിപ്പയറ്റും അവതരിപ്പിച്ചു.