റിയാദ് : റിയാദിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കിയോസ് (KEOS) പതിനൊന്നാം വാർഷികം കിയോത്സവം 22 എന്ന പേരിൽ ആഘോഷിക്കുന്നു. 2022 സെപ്തംബർ 30 ന് കണ്ണൂരിന്റെ സ്വന്തം ഗായിക സയനോര ഫിലിപ്പ് ഉൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാരെ അണിനിരത്തി വൻ സാംസ്കാരിക പരിപാടികളാണ് കിയോസ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.
കിയോസ് (കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗനൈസേഷൻ സൗദിഅറേബ്യ) ചെയർമാൻ ഡോ സൂരജ് പാണയിലിന്റെ നേതൃത്വത്തിൽ റിയാദ് അൽ മാസ്സ് ആഡിറ്റോറിയത്തിൽ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ പരിപാടിയുടെ വിപുലമായ ഒരുക്കങ്ങളെക്കുറിച്ച് സംഘാടകർ വിശദീകരിച്ചു. റിയാദ് എക്സിറ്റ് 30 ൽ അൽ അംബ്രടോറ ആഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സയനോരയെ കൂടാതെ പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ, ഗായകൻ നസീർ മിന്നലെ തുടങ്ങിയ പ്രമുഖ കലാകാരന്മാരും കിയോത്സവത്തിന്റെ ഭാഗമാകും. മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി വിനോദ – വിനോദ സഞ്ചാര മേഖലകളിൽ സൗഹൃദാന്തരീക്ഷം നിലനിൽക്കുന്ന പുതിയ സൗദി അറേബ്യയെ നമ്മുടെ നാടിന് പരിചയപ്പെടുത്താൻ കൂടി ഉദ്ദേശിച്ചാണ് വാർഷിക പരിപാടികൾ ഒരു മെഗാ ഇവന്റായി സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് ചെയർമാൻ അറിയിച്ചു.
കണ്ണൂർ ജില്ലയുടെ വികസന സ്വപ്നങ്ങളിൽ കണ്ണിയാവുന്നതിനൊപ്പം പ്രവാസികളുടെ പുനരധിവാസ സാധ്യതകളെ കൂടി പരിപോഷിപ്പിക്കുക എന്ന മഹത്തായ ആശയവുമായി യശ്ശശരീരനായ കെ എസ് രാജന്റെ നേതൃത്വത്തിൽ 2011 ൽ രൂപം കൊണ്ട കിയോസിന്റെ നാൾവഴികളും ജീവകാരുണ്യ കായിക സാംസ്‌കാരിക രംഗത്തെ കാൽവെയ്പുകളും ചടങ്ങിൽ അനാവരണം ചെയ്തു. ആയിരത്തിലധികം വരുന്ന അംഗങ്ങളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി രൂപം കൊടുത്തിട്ടുള്ള കിയോ ഇൻഫ്രാ ആൻഡ് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ മാധ്യമ പ്രവർത്തകർക്ക് സംഘാടകർ പരിചയപ്പെടുത്തി.
പരിപാടിയുടെ മുഖ്യ പ്രായോജകരായ ഫ്ലൈ ഇൻഡ് കോ പ്രതിനിധി സാബിത് , സഹ പ്രയോജകരായ റിയാദ് വില്ലയുടെ രാഗേഷ് , മസായ ട്രാവൽ ആൻഡ് ടൂറിസത്തിന്റെ സഹദ്,
ജനറൽ കൺവീനർ പൂക്കോയ തങ്ങൾ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇസ്മയിൽ കണ്ണൂർ , കിയോസ് മുഖ്യ രക്ഷാധികാരി എൻജി. ഹുസ്സൈൻ അലിക്ക, പ്രോഗ്രാം ട്രഷറർ റസാഖ് എം സി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.