കൊടിയത്തൂര്‍: ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവും മുന്‍ വൈസ്പ്രസിഡന്റുമായ ശിഹാബ് മാട്ടുമുറി മെംബര്‍ സ്ഥാനം രാജിവെച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്.
ചില നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന അനാവശ്യ പരാമർശങ്ങളും,പാർട്ടിയിലെ വിഭാഗീയതയിൽ മനം മടുത്തും, സ്വന്തം വാർഡിനോടുള്ള പുതിയ ഭരണസമിതിയുടെ അവഗണനയുമാണ് തൻ്റെ രാജിക്ക് കാരണമെന്നും, തുടർന്ന് കച്ചവടത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരികാനും ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് പാവപ്പെട്ടവർക്കായി മാറ്റി വെക്കുവാനും, ജീവകാരുണ്യ പ്രവർത്തികൾ തുടരാനുമാണ് തീരുമാനമെന്നും രാജിക്ക് ശേഷം ശിഹാബ് മാട്ടുമുറി പറഞ്ഞു.
അതോടൊപ്പം നിലവിലെ കോൺഗ്രസ് പാർട്ടിയുടെ മണ്ഡലം ട്രഷറർ സ്ഥാനത്ത് നിന്നടക്കം രാജി വെക്കുവാനും കോൺഗ്രസ് പാർട്ടിയുടെ ഒരു സാദാ പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ മൂന്നാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങാൻ സാധ്യത. പഞ്ചായത്തിലെ 16 അംഗങ്ങില്‍ 12-യുഡിഎഫ് 2-എല്‍ഡിഎഫ്, 2-വെല്‍ഫെയര്‍പാര്‍ട്ടി എന്നിങ്ങനെയായിരുന്നു കക്ഷിനില ഉണ്ടായിരുന്നത്. കാലങ്ങളായി കോണ്‍ഗ്രസ്സില്‍ പുകഞ്ഞുകൊണ്ടിരുന്ന ഗ്രൂപ്പ് പോരാണ് ഇപ്പോള്‍ രാജിയില്‍ കലാശിച്ചിരിക്കുന്നത്. എന്നാൽ രാജി പിൻവലിക്കുവാനായി നേതാക്കളും പാർട്ടി പ്രവർത്തകരടക്കം ശ്രമങ്ങൾ തുടരുന്നുമുണ്ട്.