കൊട്ടേക്കാട് അപകടം: മത്സരയോട്ടം നടത്തിയവരുടെ ലൈസൻസ് റദ്ദാക്കും

ഥാറിലുണ്ടായിരുന്ന 2 പേരെ തിരിച്ചറിഞ്ഞു

 

തൃശൂർ: കൊട്ടേക്കാട് മത്സരയോട്ടം നടത്തി വയോധികൻ്റെ ജീവനെടുത്ത സംഭവത്തിൽ അപകടമുണ്ടാക്കിയ ഥാറിലുണ്ടായിരുന്ന രണ്ടു പേരെ തിരിച്ചറിഞ്ഞു. പിടിയിലായ ഡ്രൈവർ ഷെറിനൊപ്പമുണ്ടായിരുന്നവരാണ് ഇരുവരും. അപകടത്തിന് പിന്നാലെ ഓടിപ്പോയ ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

അതേസമയം സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങി. മത്സരയോട്ട അപകടത്തിൽ ഉൾപ്പെട്ടവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കേസിലെ ഥാര്‍ ഡ്രൈവറായ അയന്തോള്‍ സ്വദേശി ഷെറിനെ മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപ്പൂര്‍വമായ നരഹത്യക്കും കേസെടുത്ത് അറസ്റ്റ് ചെയ്തു. ഷെറിന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ബിഎംഡബ്ല്യു കാറും ഥാറും അമിതവേഗതയിലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

അപകടത്തിൽ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. രവിശങ്കറിന്‍റെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകൾ ഗായത്രി, ടാക്സി ഡ്രൈവർ രാജൻ എന്നിവര്‍ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്‍ററിൽ വെച്ചാണ് ഥാർ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്.

ബിഎംഡബ്ല്യു കാറുമായി മത്സരയോട്ടം നടത്തി വരുന്നതിനിടെയാണ് ഥാർ, ടാക്സി കാറിലിടിച്ചത്. ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്‍റെ ഭാര്യ മായ പറഞ്ഞു. ഇടിച്ച വാഹനത്തിന്‍റെ ശബ്ദം മാത്രമാണ് കേട്ടതെന്ന് ടാക്സി ഡ്രൈവര്‍ രാജന്‍ പറഞ്ഞു.

ഒരു കാര്‍ മുന്നില്‍ വേഗതയില്‍ കടന്നുപോയി. ആ കാറിന് പിന്നാലെ വന്ന കാറാണ് ഇടിച്ചത്. ഒതുക്കി നിര്‍ത്തിയ ടാക്സി കാറിലേക്കാണ് ഥാര്‍ ഇടിച്ചുകയറിയത്. ഥാറിൽ ഉണ്ടായിരുന്ന ഷെറിനെ സംഭവസ്ഥലത്ത് വെച്ചുതന്നെ നാട്ടുകാർ പിടികൂടിയാണ് പോലീസിലേൽപ്പിച്ചത്.

ഥാറിൽ ഉണ്ടായിരുന്നവരും ബിഎംഡബ്ലു ഓടിച്ചിരുന്നയാളും തമ്മിൽ മുൻ പരിചയമില്ലെന്നാണ് ഷെറിന്‍റെ മൊഴി. എന്നാൽ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങി. മത്സരയോട്ട അപകടത്തിൽ ഉൾപ്പെട്ടവരുടെ ലൈസൻസ് റദ്ദാക്കും. ഇതിൻ്റെ അന്വേഷണം ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

റിപ്പോർട്ട് ലഭിച്ച ശേഷം വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ബിഎംഡബ്ലു വാഹനത്തിനെതിരെ പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി.

 

www.mediawings.in

spot_img

Related Articles

Latest news