കെഎസ്ഇബി ജീവനക്കാരുടെ സമരത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. ഓഫിസേഴ്സ് അസോസിയേഷനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. സിപിഐഎം സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ തിങ്കളാഴ്ച മന്ത്രിതല ചര്‍ച്ച നടക്കും.
കെഎസ്ഇബി സമരം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ ഇടപെടലുകളുമുണ്ടായേക്കും. സിപിഐഎം നേതാക്കള്‍ അതൃപ്തി പരസ്യമാക്കിയതോടെയാണ് രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വഴി തെളിയുന്നത്. സ്ഥലംമാറ്റത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നാണ് മന്ത്രി കെ.കൃഷ്ണന് കുട്ടിയുടെ നിലപാട്.
കെ.എസ്.ഇ.ബിയിലെ സമരം നീളുന്നതിനെതിരെ സിപിഐഎം നേതാക്കള്‍ കഴിഞ്ഞ ദിവസം അതൃപ്തി പരസ്യമാക്കിയിരുന്നു. സമരത്തിനെതിരെ ചെയര്മാന് നടത്തിയ പ്രതികരണം പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
മാത്രമല്ല എം.ജി സുരേഷ്കുമാറിന്റെ സസ്പെന്ഷന് മെമ്മോയില്‍ ആരോപിക്കാത്ത കുറ്റങ്ങളാണ് സസ്പെന്ഷന് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്. ഈ കാലയളവിലാകട്ടെ സുരേഷ് കുമാര്‍, മന്ത്രിയായിരുന്ന എം.എം.മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സമരം അവസാനിപ്പിക്കാന്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന് കുട്ടി ഇടപെടുന്നില്ലെന്ന ആരോപണവും മുതിര്‍ന്ന സി.പി.ഐ.എം നേതാക്കള്‍ക്കുണ്ട്.
സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ഇടതുമുന്നണിയില്‍ പ്രശ്നമായി മാറാനുള്ള സാഹചര്യം വിലയിരുത്തിയാണ് രാഷ്ട്രീയ ഇടപെടലിനു നീക്കം. സ്ഥലം മാറ്റത്തെക്കുറിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നിലപാട്.
സമരം നീണ്ടുപോയാല്‍ കൂടുതല്‍ ആരോപണങ്ങള്‍ സിപിഐഎം, സിഐടിയു നേതാക്കളില്‍ നിന്നും മന്ത്രിക്കെതിരെ ഉയര്‍ന്നേക്കാം. അതിനാല്‍ സമരം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. നാളെ ഇതു സംബന്ധിച്ച രാഷ്ട്രീയ ഇടപെടലുണ്ടാകുമെന്നാണ് സൂചന. ഇതിനിടെ ഓഫീസേഴ്സ് അസോസിയേഷന് നടത്തുന്ന സമരം ശക്താക്കുന്നതില്‍ സംയുക്ത സമര സഹായ സമിതി നാളെ തീരുമാനമെടുക്കും.