മലപ്പുറത്തുനിന്ന് മൂന്നാറിലേക്ക് ടൂര്‍ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി

കെ.എസ്.ആര്‍.ടി.സി. ചരിത്രത്തിലാദ്യമായി ടൂര്‍ പാക്കേജ് ആരംഭിക്കുന്നു. ആദ്യഘട്ടമായി മലപ്പുറം ഡിപ്പോയില്‍നിന്നു മൂന്നാറിലേക്കാണ് വിനോദസഞ്ചാരികള്‍ക്കു വേണ്ടിയുള്ള പാക്കേജ് ടൂര്‍.

എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് ഒരുമണിക്ക് മലപ്പുറം ഡിപ്പോയില്‍ നിന്നാരംഭിച്ച് രാത്രി 7.30-ന് മൂന്നാറിലെത്തും. രാത്രി ഡിപ്പോയിലെ സ്ലീപ്പര്‍ കോച്ചില്‍ ഉറക്കം. ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി. സൈറ്റ് സീയിങ് ബസില്‍ കറങ്ങി മൂന്നാറിലെ കാഴ്ചകള്‍ കണ്ടശേഷം വൈകീട്ട് ആറിന് മലപ്പുറത്തേക്ക് മടങ്ങും.

പാക്കേജ് നിരക്ക് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ ഉത്തരവ് ലഭിച്ചാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഡിപ്പോ ഇന്‍ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റിതര വരുമാനവര്‍ധനയും കുറഞ്ഞ ചെലവില്‍ ഇടത്തരക്കാരായ വിനോദസഞ്ചാരികളെ മൂന്നാറിലേക്ക് ആകര്‍ഷിക്കുക എന്നതുമാണ് ടൂര്‍ പാക്കേജിന്റെ ലക്ഷ്യം.

മൂന്നാര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍പ്പേര്‍ എത്തുന്നത് മലപ്പുറത്തുനിന്നായതു കൊണ്ടാണ് ടൂര്‍ പാക്കേജ് ആദ്യം അവിടെനിന്ന് തുടങ്ങുന്നത്. പദ്ധതി വിജയമായാല്‍ മറ്റ് പ്രധാന ജില്ലകളില്‍നിന്നു പാക്കേജ് സര്‍വീസ് തുടങ്ങും.

ഇപ്പോള്‍ മൂന്നാറില്‍ 100 രൂപയ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ താമസം, ടോപ് സ്റ്റേഷന്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളിലെ സൈറ്റ്‌സീയിങ് തുടങ്ങിയവയുണ്ട്. സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചാലുടന്‍ മാങ്കുളം ആനക്കുളത്തേക്കും പുതിയ സൈറ്റ് സീയിങ് സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി.

spot_img

Related Articles

Latest news