മുക്കം : കുമാരനെല്ലൂർ ജി എൽ പി സ്‌കൂൾ പ്രധാനധ്യാപകനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വർഗീയ അധിക്ഷേപം നടത്തിയവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് (കെ എസ് ടി എം )മുക്കം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കാരമൂലയിൽ പ്രകടനവും പൊതുയോഗവും നടത്തി.
നൂറാം വാർഷിക സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്ത എം എൽ എ യെ ആദരിച്ചതിനെ പരിഹസിച്ചും പ്രധാനധ്യാപകനെ ബോധപൂർവം സമൂഹത്തിൽ അപമാനിക്കാൻ ഉദ്ദേശിച്ചും ഇടത് പ്രാദേശിക നേതാവ് ഫേസ്ബുക്കിൽ വർഗീയ അധിക്ഷേപത്തോടെ പോസ്റ്റിട്ടതിനെതിരെയാണ് കെ എസ് ടി എം പ്രതിഷേധിച്ചത്. മന:പൂർവം സമൂഹത്തിൽ ഛിദ്രത വളർത്താൻ ശ്രമിച്ച കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പൊതുവിദ്യാലയങ്ങളെ തകർക്കാനുള്ള ഇത്തരം നിഗൂഢ ശ്രമങ്ങൾ സമൂഹം സംഘടിതമായി ചെറുത്തു തോൽപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കെ എസ് ടി എം ജില്ലാ പ്രസിഡന്റ് എംപി ഫാസിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി മെമ്പർ വിപി അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.
മുൻ നഗരസഭ കൗൺസിലർ എ അബ്ദുൽ ഗഫൂർ, കെ സി അൻവർ ചെറുവാടി സംസാരിച്ചു. കെ പി മുജീബുറഹ്മാൻ, കെ പി ഷാഹുൽഹമീദ്, മുഹമ്മദ് നേതൃത്വം നൽകി.

