കുറ്റ്യാടിയില്‍ സിപിഎം പിന്നോട്ട്?; കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചേക്കും, കോടിയേരിയുടെ നേതൃത്വത്തില്‍ ചര്‍ച്ച

കോഴിക്കോട് :കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയ തീരുമാനത്തില്‍നിന്ന് സിപിഎം പിന്മാറുന്നതായി സൂചന. സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം. കേരള കോണ്‍ഗ്രസിന് വിട്ടുനില്‍കിയ സീറ്റ് തിരിച്ചെടുത്ത് സിപിഎം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും. കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം കേരള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്യുന്നത്. ഞായറാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. അതേസമയം, കുഞ്ഞഹമ്മദ് കുട്ടിക്ക് സീറ്റ് നല്‍കിയേക്കില്ല. പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തും.

കേരള കോണ്‍ഗ്രസിലെ മുഹമ്മദ് ഇക്ബാലിനെയാണ് കുറ്റ്യാടിയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വേണ്ടെന്നും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആളെ വേണമെന്നുമായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആവശ്യം. കുഞ്ഞഹമ്മദ് കുട്ടിയുടെ പേര് ഇവര്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, സീറ്റ് തിരിച്ചെടുക്കാന്‍ സിപിഎം തയ്യാറായില്ല. പിന്നാലെ വലിയ ജനക്കൂട്ടം പ്രതിഷേധവുമായി കുറ്റ്യാടി തെരുവിലിറങ്ങി. ഇതോടെ, എളമരം കരീം, പി. മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുന്നുമല്‍, വടകര ഏരിയ കമ്മിറ്റികള്‍ ചേര്‍ന്നു. കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കട്ടെ എന്നായിരുന്നു യോഗത്തിലെ ഭൂരിപക്ഷ അഭിപ്രായം. സംഘടനാ തലത്തില്‍ നടപടിയുമായി മുന്നോട്ടുപോകാനും പാര്‍ട്ടി തീരുമാനിച്ചിരുന്നു. അതേസമയം, കുറ്റ്യാടിയില്‍ സിപിഎം മത്സരിക്കണമെന്ന നിലപാടില്‍നിന്ന് പ്രവര്‍ത്തകര്‍ ഉറച്ചുനിന്നു.

ഇക്ബാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുള്ള കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമൊന്നും ലഭിച്ചില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മുന്നോട്ടുപോകുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ജോസ് കെ മാണിയും കോടിയേരി ബാലകൃഷ്ണനും തമ്മില്‍ ചര്‍ച്ചയ്ക്ക് കാരണമായത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുഹമ്മദ് ഇക്ബാലിന് ബോര്‍ഡ്/കോര്‍പറേഷന്‍ സ്ഥാനത്തിലൊന്ന് നല്‍കാമെന്ന വ്യവസ്ഥയിലാണ് ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തില്‍ ധാരണയായശേഷമാകും പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.

spot_img

Related Articles

Latest news