ടാക്‌സികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി കുവൈറ്റ്; സ്‌റ്റോപ്പിലല്ലാതെ ബസ് നിര്‍ത്തിയാല്‍ ഡ്രൈവറെ നാടുകടത്തും

കുവൈറ്റ് സിറ്റി: ടാക്‌സി കാറുകളിലെയും പൊതുഗതാഗത ബസ്സുകളിലെയും ഡ്രൈവര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പാര്‍ക്കിംഗ് അനുവദനീയമല്ലാത്ത ഇടങ്ങളില്‍ ബസ്സ് നിര്‍ത്തിയാല്‍ ഡ്രൈവറെ നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബസ് ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ട്രാഫിക് ഓപ്പറേഷന്‍സ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായെഗ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

*മികച്ച യാത്ര ഉറപ്പുവരുത്തുക ലക്ഷ്യം

ബസ് ഡ്രൈവര്‍മാരുടെ ഭാഗത്തു നിന്നുള്ള നിയമ ലംഘനങ്ങള്‍, ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രയാസങ്ങള്‍, അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതരും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളും തമ്മില്‍ നല്ല രീതിയിലുള്ള ഏകോപനം സാധ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. യാത്രക്കാര്‍ക്ക് മികച്ചതും സുരക്ഷിതവുമായ യാത്രാ സാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകണമെന്നും യോഗം അറിയിച്ചു

*ടാക്‌സികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

അതിനിടെ, രാജ്യത്തെ റോമിംഗ്, ഓണ്‍ കോള്‍ ടാക്‌സികള്‍ക്കും ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് സുഗമമവും സുരക്ഷിതവുമായ യാത്ര ഒരുക്കാന്‍ രാജ്യത്തെ ടാക്‌സികളെ സജ്ജരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ടാക്‌സികളിലെ മുന്‍ നിരയിലെ രണ്ട് സീറ്റുകളുടെയും പിറകില്‍ ടാക്‌സി പെര്‍മിറ്റ് അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ആളുകള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നതാണ് നിര്‍ദ്ദേശങ്ങളിലൊന്ന്. അതോടൊപ്പം കമ്പനിയെ കുറിച്ചുള്ള വിവരങ്ങളും ഡ്രൈവറുടെ ഫോണ്‍ നമ്പറും വ്യക്തമായി കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം.

*നിയമം ലംഘിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി

യാത്രാ വേളയില്‍ ഉടനീളം ടാക്‌സിയിലെ ചാര്‍ജ്ജ് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണം എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ടാക്‌സിയില്‍ യാത്രക്കാര്‍ ഇല്ലെങ്കില്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ കാണാവുന്ന വിധത്തില്‍ ടാക്‌സി എന്ന ബോര്‍ഡിലെ ലൈറ്റ് തെളിയിക്കണം. തെരുവുകളില്‍ നിന്ന് യാത്രക്കാരെ കയറ്റരുത്. അതേപോലെ, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരെ എടുക്കരുത്, ഹൈവേകളില്‍ നിന്നും പ്രധാന റോഡുകളില്‍ നിന്നും യാത്രക്കാരെ കയറ്റരുത്, ടാക്‌സികളില്‍ യാത്രക്കാരെയല്ലാതെ സാധനങ്ങളോ മറ്റോ കയറ്റിക്കൊണ്ടു പോവരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി കൈക്കൊള്ളുമെന്നും മന്ത്രാലയം വ്യക്തമാക്കി

spot_img

Related Articles

Latest news