വനിത ഓഫീസര്‍മാര്‍ക്കും പെര്‍മനന്റ് കമീഷന് നല്‍കണം
സൈന്യത്തില്‍ വനിത ഓഫിസര്‍മാര്‍ക്ക് പെര്‍മനന്റ് കമീഷന് ലഭിക്കുന്നതിന് ശാരീരികക്ഷമത വേണമെന്നത് വിവേചനപരവും യുക്തിരഹിതവുമാണെന്ന് സുപ്രീംകോടതി. പെര്‍മനന്റ് കമീഷന് അനുവദിക്കുന്നതിനുള്ള വാര്‍ഷിക രഹസ്യാവലോകന റിപ്പോര്‍ട്ടും ശാരീരികക്ഷമതയെന്ന മാനദണ്ഡവും വനിത ഉദ്യോഗസ്ഥരോടുള്ള വിവേചനമാണ്.
പുരുഷന്മാര്ക്ക് വേണ്ടി പുരുഷന്മാര് തയാറാക്കിയ സാമൂഹിക ഘടനയാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സമത്വത്തെ കുറിച്ച പ്രസംഗങ്ങള്‍ വെറും പ്രഹസനമാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഈ അസമത്വം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പെര്‍മനന്റ് കമീഷന് അനുവദിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു.
വിരമിക്കുന്നതുവരെ സൈനിക സര്‍വിസില്‍ തുടരുന്നതാണ് പെര്‍മനന്റ് കമീഷന്. നിശ്ചിത കാലാവധി വരെയുള്ള സര്‍വിസാണ് ഷോര്‍ട് സര്‍വിസ് കമീഷന്. സൈന്യത്തിലെ വനിത ഓഫിസര്‍മാര്‍ക്ക് പുരുഷന്മാരെപ്പോലെ പെര്‍മനന്റ് കമീഷന് അനുവദിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, സ്ത്രീകള്‍ക്ക് ശാരീരിക പരിമിതിയുണ്ടെന്ന് ചുണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ അന്ന് ഇതിനെ എതിര്‍ത്തിരുന്നു. 80 വനിത സൈനിക ഓഫിസര്‍മാരാണ് വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിനും ശാരീരിക ക്ഷമത എന്ന ആവശ്യത്തിനുമെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഹരജിക്കാര്‍ ഏതെങ്കിലും ഔദാര്യത്തിനല്ല, അവകാശത്തിന് വേണ്ടിയാണ് തങ്ങളെ സമീപിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.