തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ ആറുമാസം മാത്രം ബാക്കി നില്‍ക്കെ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് റാങ്ക് ലിസ്റ്റില്‍നിന്ന് നടന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിയമനം.
അപ്രഖ്യാപിത നിയമന നിരോധനവും ഒഴിവുകളില്‍ താല്‍ക്കാലികക്കാരെ തിരുകിക്കയറ്റിയതുമാണ് കാരണം. 40,000ത്തില്‍ അധികം ഉദ്യോഗാര്‍ഥികള്‍ നിയമനം കാത്തിരിക്കുന്ന ലിസ്റ്റാണിത് . 14 ജില്ലകളിലായി ഈ തസ്തികക്ക് നിലവിലെ റാങ്ക് ലിസ്റ്റുകളില്‍ 46,285 പേരെയാണ് പി.എസ്.സി ഉള്‍പ്പെടുത്തിയിരുന്നത്.
5420 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാര്‍ശ ലഭിച്ചത്. അതില്‍ 681 ഒഴിവും എന്‍.ജെ.ഡി ആണ്. ഇതു കുറച്ചാല്‍ യഥാര്‍ഥ നിയമനം 4739 മാത്രം. അതായത് റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടന്നത് 10 ശതമാനം മാത്രം. ഈ തസ്തികയുടെ മുന്‍ ലിസ്റ്റില്‍നിന്ന് 11,455 പേര്‍ക്ക് നിയമന ശിപാര്‍ശ ലഭിച്ച സ്ഥാനത്താണിത്. കൂടുതല്‍ പേര്‍ക്ക് ശിപാര്‍ശ ലഭിച്ചത് തിരുവനന്തപുരത്താണ് -622. കുറവ് വയനാടും-184.
ജില്ലകളില്‍ ആയിരക്കണക്കിന് ഒഴിവുകള്‍ ഉണ്ടെങ്കിലും റിപ്പോര്‍ട്ട് ചെയ്യാതെ സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ലീഗല്‍ മെട്രോളജി വകുപ്പില്‍ നിലവിലെ നാല് ഒഴിവില്‍ താല്‍ക്കാലികക്കാരാണ്. ഇവരെ ഒഴിവാക്കി റാങ്ക് ലിസ്റ്റില്‍ നിന്നു നിയമിക്കണമെന്ന കോടതി വിധിയുണ്ടെങ്കിലും നടപ്പായിട്ടില്ല.
ഇറിഗേഷന്‍ വകുപ്പില്‍ പത്തിലധികം ഒഴിവുകളും പൊതുവിദ്യാഭ്യാസ വകുപ്പില്‍ 25 ലധികവും സാമൂഹികനീതി വകുപ്പില്‍ 30ലധികവും ഒഴിവുകള്‍ ഉണ്ടെങ്കിലും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല.
നഗരകാര്യ വകുപ്പില്‍ അഞ്ച് ഒഴിവുണ്ട്. ഇതുപോലെ ഓരോ ജില്ലയിലും നൂറുകണക്കിന് ഒഴിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. കൂടുതല്‍ നിയമനം നടത്തി എന്നു പറയുമ്പോഴും അപ്രഖ്യാപിത നിയമന നിരോധമാണുള്ളതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
സെക്രട്ടേറിയറ്റ്/ പി.എസ്.സി/ ലോക്കല്‍ ഫണ്ട് ഓഡിറ്റ് തുടങ്ങിയവയിലെ ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് റാങ്ക് ലിസ്റ്റില്നിന്നായിരുന്നു നികത്തിയിരുന്നത്.
എന്നാല്‍, ഈ നിയമനം സബോഡിനേറ്റ് സര്‍വിസില്‍ ഉള്‍പ്പെടുത്തി സെക്രട്ടേറിയറ്റ് ഓഫിസ് അറ്റന്‍ഡന്റ് എന്ന പേരില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു നടത്താന്‍ തീരുമാനിച്ചതോടെ നിലവിെല ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് അഞ്ഞൂറോളം ഒഴിവുകളാണ് നഷ്ടമായത്. ജൂണ്‍ 29ന് അവസാനിക്കേണ്ട ലിസ്റ്റ് കോവിഡിനെ തുടര്‍ന്ന് ആഗസ്റ്റ് നാലുവരെ നീട്ടിയിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍ ഫലമുണ്ടാകില്ല.
ആശ്രിത നിയമനത്തിന് 68 ഒഴിവ്; ഒരു വര്‍ഷമായി റിപ്പോര്‍ട്ടില്ല
പഞ്ചായത്ത് വകുപ്പില്‍ 68 ലാസ്റ്റ് ഗ്രേഡ് ഒഴിവ് ആശ്രിത നിയമനത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തോളമായി ഈ വകുപ്പിലെ ഒഴിവുകള്‍ പി.എസ്.സിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല.
സാമൂഹികനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ വിഭജനവുമായി ബന്ധപ്പെട്ട് തസ്തികകള്‍ ഏകീകരിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ ഈ വകുപ്പുകളിലെ ലാസ്റ്റ്ഗ്രേഡ് ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടു മാസങ്ങളായി. ന്യൂനപക്ഷക്ഷേമ വകുപ്പ്, സര്‍വകലാശാലകള്‍ തുടങ്ങിയവയിലെ ലാസ്റ്റ് ഗ്രേഡ് ഒഴിവുകളിലും താല്‍ക്കാലികക്കാരെ കയറ്റി സ്ഥിരപ്പെടുത്തുകയാണ്.