ഒളിംപിക്‌സ് മെഡലുറപ്പിച്ച ലവ്‌ലീനയുടെ വീട്ടിലേക്കുള്ള ‘ചളിക്കുളം’ ഒറ്റ രാത്രി കൊണ്ട് ടാറിട്ടു

ഗുവാഹത്തി: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ബോക്സിങ് താരം ലവ്‌ലീന ബോര്‍ഗോഹെയ്ന്‍ മെഡലുറപ്പിച്ചതോടെ ഒറ്റരാത്രി കൊണ്ട് അവരുടെ വീട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്ത് അധികൃതര്‍. അസമിലെ ഗോലാഘട്ട് ജില്ലയിലെ ബരോമുഖിയയിലാണ് ഇന്ത്യന്‍ ബോക്സിങ് താരത്തിന്റെ വീട്.

വനിതകളുടെ വെൽറ്റർ വെയ്റ്റ് 69 കിലോ ഗ്രാം വിഭാഗത്തിൽ സെമി ഫൈനലിൽ കടന്നതോടെ ആണ് ലവ്ലീന ഒളിമ്പിക് മെഡൽ ഉറപ്പിച്ചത്. മെഡലിൻ്റെ നിറം മത്സര ശേഷമേ വ്യക്തമാവുള്ളു.

ലവ്ലീന മെഡലുറപ്പിച്ചതോടെ അധികൃതര്‍ വീട്ടിലേക്കുള്ള വഴി നന്നാക്കാന്‍ ഓടി. രാത്രിയിലും പണിയെടുത്ത് 3.5 കിലോമീറ്റര്‍ റോഡ് അവര്‍ ടാര്‍ ചെയ്തു. വര്‍ഷങ്ങള്‍ പിന്നാലെ നടന്നിട്ടും നടക്കാത്ത ടാറിങ്ങാണ് ഒറ്റമെഡല്‍ കൊണ്ടുനടന്നത്.

2016ല്‍ ലവ്‌ലീനയുടെ വീട്ടിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ശ്രമം നടന്നിരുന്നു. പക്ഷേ അന്ന് 100 മീറ്റര്‍ ആയപ്പോഴേക്കും പണി നിലച്ചു. 2019ല്‍ കുപ്വാര സൈനിക ക്യാംപിന് നേരെയുണ്ടായ പാകിസ്താന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്‍ ഹവില്‍ദാര്‍ പദം ബഹദൂര്‍ ശ്രേഷ്ഠയുടെ വീടും ഈ വഴിയിലാണ്.

ആശുപത്രിയിലേക്കു പോലും രോഗികളെ ചുമന്നു കൊണ്ടു പോകേണ്ട അവസ്ഥയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നന്നാക്കിയിരുന്നില്ല.

spot_img

Related Articles

Latest news