ഉറപ്പിച്ച്‌ സിഐടിയു : ഓട്ടോറിക്ഷകളില്‍ ‘ഉറപ്പാണ് എല്‍ഡിഎഫ്’ തുടരും

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരസ്യവാചകമായ ‘ഉറപ്പാണ് എല്‍ഡിഎഫ്’ സ്റ്റിക്കറുകള്‍ ഓട്ടോറിക്ഷകളില്‍ തുടരും. സ്റ്റിക്കര്‍ പതിപ്പിച്ച ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി തുടങ്ങിയതോടെ, നിശ്ചിത ഫീസ് അടച്ചാണ് സിഐടിയു അതിനെ നേരിട്ടത്. ഒരു ഓട്ടോറിക്ഷയ്ക്ക് 1920 രൂപ വീതം അടച്ചാണ് ഒരു മാസത്തേക്ക് സ്റ്റിക്കര്‍ പതിപ്പിക്കാന്‍ സിഐടിയു അനുവാദം നേടിയത്.

ഓട്ടോറിക്ഷകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമീഷന്റെ നടപടികളെ വെല്ലുവിളിക്കുന്നതാണ് സിഐടിയു ചെയ്യുന്നതെന്നും അതിനെതിരേ പരാതി നല്‍കുമെന്നും തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അനുവാദം ലഭിക്കാത്തവര്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പും അറിയിച്ചിരുന്നു.

പരാതികള്‍ വിവിധയിടങ്ങളില്‍ നിന്ന് ഉയര്‍ന്നതോടെ തലസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. തുടര്‍ന്നാണ് സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത് നിയമവിധേയമാക്കാന്‍ സിഐടിയു തീരുമാനിച്ചത്.

മഞ്ഞ, കറുപ്പ് നിറങ്ങള്‍ മാത്രമാണ് ഓട്ടോറിക്ഷകള്‍ക്കും ടാക്‌സികള്‍ക്കും നിയമപരമായി അനുവദിച്ചിട്ടുള്ളത്. സ്വകാര്യ ആവശ്യത്തിനാണെങ്കില്‍ നീല നിറം ഉപയോഗിക്കാം. ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് വെള്ളയും ഇടയില്‍ നീല കലര്‍ന്ന നിറവും അനുവദനീയമാണ്. സിഎന്‍ജി, എല്‍പിജി എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പച്ചയും മഞ്ഞയും ഉപയോഗിക്കാം. സ്ത്രീകളുടെ ഓട്ടോറിക്ഷകള്‍ക്ക് ഇളം നീല നിറമാണ് ഉപയോഗിക്കാന്‍ നിയമപരമായി അനുവദിച്ചിട്ടുള്ളത്.

spot_img

Related Articles

Latest news