ഭരണത്തുടര്‍ച്ച കൈവന്നാല്‍ ഇടത് മുന്നണി ചീത്തയാവുമെന്ന് എം എന്‍ കാരശ്ശേരി

തിരുവനന്തപുരം: സകല സര്‍വേകളിലും ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കവെ അത് ഉണ്ടാവരുതെന്ന അഭിപ്രായവുമായി സാമൂഹിക, രാഷ്ട്രീയ നിരീക്ഷകന്‍ എംഎന്‍ കാരശ്ശേരി. യുഡിഎഫ് വിജയിക്കണം, ഭരണത്തുടര്‍ച്ച കൈവന്നാല്‍ ഇടത് മുന്നണി ചീത്തയാവുമെന്നാണ് കാരശ്ശേരിയുടെ നിരീക്ഷണം.

‘ ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം. യുഡിഎഫ് വിജയിക്കണം. യുഡിഎഫ് മികച്ച കൂട്ടരായത് കൊണ്ടല്ല ഇത് പറയുന്നത്. ഭരണതുടര്‍ച്ച കൈ വന്നാല്‍ ഇടത് മുന്നണി ചീത്തയാവും. ബംഗാളിലെ അനുഭവം മുന്നിലുണ്ട്. ഭരണം കിട്ടിയില്ലെങ്കില്‍ യുഡിഎഫ് ഇല്ലാതാവും. രണ്ടും കേരളത്തിന് നല്ലതല്ല. അഹങ്കാരമാണ് ഇടത് മുന്നണിയുടെ വലിയ പ്രശ്‌നം. യുഡിഎഫിന്റെ വലിയ പ്രശ്‌നം അഴിമതിയുമാണ്.’ എം എന്‍ കാരശ്ശേരി പറഞ്ഞു.

”സത്യാനന്തര കാലമാണിത്. രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്ന അഴിമതിയെക്കുറിച്ച്‌ മന്ത്രി മേഴ്സിക്കുട്ടിയമ്മ ആദ്യം പറഞ്ഞത് നുണയാണെന്ന് പിന്നീടു തെളിഞ്ഞു. എന്നിട്ടോ, മന്ത്രിക്ക് ഒന്നും സംഭവിച്ചില്ല. പണ്ടാണെങ്കില്‍ ഇങ്ങനെയൊരു മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ പറ്റുമോ? പത്രക്കാരുടെ ചോദ്യത്തിനു മുന്നില്‍ കളവു പറയാന്‍ ശ്രമിച്ചപ്പോള്‍ തെളിവു സഹിതം മറുപടി കൊടുത്തപ്പോള്‍ ഒരു നിമിഷം കടിച്ചുതൂങ്ങിനില്‍ക്കാതെ സ്ഥാനാര്‍ഥിത്വം റദ്ദാക്കി വീട്ടിലേക്കു മടങ്ങിയ ഗാരി ഹാര്‍ട്ടിന്റെ അമേരിക്കയിലാണ് പിന്നീട് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപും ഹിലരിയും ചേര്‍ന്ന് 100 നുണ പറഞ്ഞതായി തെളിഞ്ഞത്.

കളവു പറയുന്നത് അമേരിക്കയിലായാലും കേരളത്തിലായാലും ഇന്നൊരു പ്രശ്നമല്ല. അഴിമതിക്കെതിരെ വോട്ടു ചോദിക്കുന്ന യുഡിഎഫിന് കമറുദീന്‍-ഇബ്രാഹിംകുഞ്ഞ് കേസുകള്‍ എങ്ങനെ പ്രതിരോധിക്കാനാകും. ജയിലിലായിട്ടും സ്ഥാനം രാജിവയ്ക്കാന്‍ തയാറാകാതിരുന്നത് മര്യാദയായില്ല. അതിനു തയാറായിരുന്നെങ്കില്‍ ലീഗിന് പറഞ്ഞുനില്‍ക്കാമായിരുന്നു.

ഇബ്രാഹിംകുഞ്ഞും കമറുദ്ദീനും നിരപരാധികളാണെന്ന് എനിക്കു പറയാനാവില്ല. എന്നാല്‍ കെ.എം.ഷാജിയുടെ കാര്യം എനിക്കറിയില്ല. കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത ആരോപണങ്ങളാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനു നേരേ ഉയര്‍ന്നത്. എക്കാലവും ആ പദവിക്ക് കേരളം വലിയ വില കല്‍പിച്ചിരുന്നു. ഇന്ന് അതില്ല എന്നും കാരശ്ശേരി അഭിപ്രായപ്പെടുന്നു.

തെരഞ്ഞെടുപ്പ് വിജയത്തിനായി താരങ്ങളെ കൂട്ടുപിടിക്കുന്നതിനെ കാരശ്ശേരി വിമര്‍ശിച്ചിരുന്നു. സ്വന്തം പ്രത്യയശാസ്ത്രം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും രാഷ്ട്രീയ നിലപാട് പറഞ്ഞും വോട്ട് പിടിക്കാന്‍ പറ്റാതെ വരുമ്ബോള്‍ താരമൂല്യമുപയോഗിച്ച്‌ വോട്ട് നേടുകയാണ് ലക്ഷ്യം, അത് അരാഷ്ട്രീയമാണ്. സിനിമാ താരങ്ങളെയൊക്കെ രംഗത്ത് വരുത്തുന്നത് രാജ്യസഭയിലെ വകുപ്പുകളാണ് എന്നായിരുന്നു കാരശേരിയുടെ വിമര്‍ശനം.

റിപ്പോര്‍ട്ട് കടപ്പാട്  : മനോരമ

spot_img

Related Articles

Latest news