ഇനി ഡയറികൾ സംസാരിക്കട്ടെ

By: ഫർസാന പി. കെ.

എന്റെ മകൾ ഇപ്പോൾ ചെറിയ കുട്ടിയല്ല. വലുതായിരിക്കുന്നു. അവൾ വീട് വിട്ട് പുതിയ കലാലയത്തിലേക്ക് പോകാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. അവളെ പിരിഞ്ഞു നിൽക്കുന്നതെങ്ങനെ എന്ന ആധിയിലാണ് ഞാൻ.

അവിടെ എന്തൊക്കെയാണാവോ അവളെ കാത്തിരിക്കുന്നത്…?

സന്തോഷങ്ങളോ, സന്താപങ്ങളോ, പ്രയാസങ്ങളോ, പ്രശ്നങ്ങളോ ?, അറിയില്ല.

കഴിഞ്ഞ ഒരു മാസമായി അവൾ വല്ലാത്ത ഒരു സ്വപ്ന ലോകത്താണ്. പുതിയ അധ്യാപകർ, പുതിയ കൂട്ടുകാർ, പുതിയ സാഹചര്യങ്ങൾ, പുതിയ ക്യാമ്പസ്.

ഒരുപാടൊരുപാട് പുതുമകളെ വരവേൽകാനായി അവൾ ഒരുങ്ങിക്കഴിഞ്ഞു. അതോടൊപ്പം എന്റെ വേവലാതികളും.

മോൾക്ക് പുതിയ ക്യാമ്പസ് ഇഷ്ടപ്പെടുമോ? അവിടുത്തെ അധ്യാപകർ സ്നേഹമുള്ളവരാകുമോ? പുതിയ കൂട്ടുകാർ അവളെ സ്വീകരിക്കുമോ? അതോ റാഗിംഗ് ചെയ്‌ത്‌ പീഡിപ്പിക്കുമോ? എന്നിലെ അമ്മമനസ്സും ഒരു മാസമായി ചിന്തയിലാണ്.

ഒടുവിൽ ഞാനൊരു കാര്യം ചെയ്യാൻ തീരുമാനിച്ചു. ഒരു പുതിയ ഡയറി വാങ്ങി മനോഹരമാക്കി എന്റെ കയ്യൊപ്പായി അവൾക്ക് സമ്മാനിക്കാം. അവൾക്ക് ഒരു അമ്മയുടെ സാന്നിധ്യം ഉറപ്പ് വരുത്താൻ അത് ഉപകരിക്കും.

സ്കൂൾ തുറന്ന അന്ന് മുതൽ അവൾക്കുണ്ടാവുന്ന വിചാര വികാരങ്ങൾ അവളതിൽ രേഖപ്പെടുത്തട്ടെ. സന്തോഷമുള്ള കാര്യങ്ങളെങ്കിൽ പിന്നീട് അത് വായിക്കുമ്പോൾ അതിനു ഇരട്ടി മധുരമായിരിക്കും. സങ്കടമാണെഴുതിയതെങ്കിൽ പിന്നെയൊരിക്കൽ വായിക്കുമ്പോഴേക്കും ആ സങ്കടം കഴിഞ്ഞു പോയതിന്റെ സന്തോഷമായിരിക്കും.

നിരാശയാണെങ്കിൽ പിന്നീടെപ്പോഴോ പ്രതീക്ഷയുടെ ദിനമായി തീർന്ന സന്തോഷത്തിലായിരിക്കും അവളത് വീണ്ടും വായിക്കുന്നത്. അങ്ങിനെ എല്ലാമെല്ലാം അവളതിൽ എഴുതിവെക്കട്ടെ.

സ്വന്തം സംസ്ഥാനത്തിനും ഇപ്പോൾ രാജ്യത്തിന് തന്നെ പുറത്ത് മക്കളെ പഠിക്കാൻ പറഞ്ഞയക്കേണ്ടി വരുന്ന എല്ലാ അമ്മമനസ്സുകളിലും ആധിയാണ്. കാരണം വളരെ ഉത്സാഹത്തോടെ, മിടുക്കരായി പഠിച്ചു കൊണ്ടിരുന്ന പല കുട്ടികളുടെയും ശവശരീങ്ങളാണ് പെട്ടെന്നൊരു പ്രഭാതത്തിൽ ആത്മഹത്യയെന്ന പേരിൽ രക്ഷിതാക്കൾ കാണേണ്ടി വരുന്നത്. ഇതിനൊന്നിലും ശരിയായ രീതിയിലുള്ള അന്വേഷണം പോലും നടക്കാറില്ല.. ‘മതിയായ തെളിവുകൾ’ ഇല്ലാതെ പലതും വഴിമുട്ടിപ്പോകുന്നു. പ്രതികൾ പുതിയ ഇരകളെ തേടിയിറങ്ങുന്നു.

പഠനത്തിനായും ജോലിക്ക് വേണ്ടിയും വിവാഹം കഴിഞ്ഞും ഉറ്റവരെയും ഉടയവരെയും വിട്ട് ദൂരെ സ്ഥലങ്ങളിൽ താമസിക്കേണ്ടി വരുന്ന ഓരോ കുട്ടിക്കും നമുക്ക് കൊടുക്കാം ഒരു ഡയറി.

പുതിയ സ്ഥലം, പുതിയ സാഹചര്യം, പുതിയ കൂട്ടുകാർ, എല്ലാത്തിനെയും പറ്റി ദിവസവും കിടക്കുന്നതിനു മുൻപായി അവർ അതിലെഴുതട്ടെ.

സന്തോഷവും, സങ്കടവും, ഒറ്റപ്പെടുത്തലും, അംഗീകാരവും… അങ്ങനെ എല്ലാമെല്ലാം അതിലുണ്ടാവട്ടെ.

പുതുതായി കല്യാണം നിശ്ചയിച്ച പെണ്മക്കളുടെ മാതാപിതാക്കൾ ഇപ്പോൾ വല്ലാത്ത അസ്വസ്ഥതയിൽ തന്നെയാണ്. കാരണം കൂടി വരുന്ന ‘ആത്മഹത്യകൾ എന്ന പേരിലുള്ള കൊലപാതകങ്ങൾ’ കേട്ട് കേട്ട് മനസ്സ് വിറങ്ങലിച്ചിരിക്കുകയാണ്.

ഇനി മുതൽ നമ്മുടെ പെൺമക്കൾ മണവാട്ടിയായി അന്യ നാട്ടിലേക്ക്, അല്ലെങ്കിൽ അന്യ ഗൃഹത്തിലേക്ക് പോകുമ്പോൾ അവൾക്കൊരു ഡയറി സമ്മാനമായി കൊടുക്കണം.

പുതിയ വീട്ടിലെ ഒന്നാമത്തെ ദിവസം മുതൽ എല്ലാ കാര്യങ്ങളും അതിൽ അവൾ കൃത്യമായി രേഖപ്പെടുത്തട്ടെ. അതിൽ സന്തോഷമുണ്ടാവും, സങ്കടമുണ്ടാവും, നിരാശയും പ്രതീക്ഷയും കാണും. അങ്ങനെ എല്ലാമതിൽ നിറയട്ടെ.

മക്കൾക്ക്‌ ഇനി എന്നെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ, തീർച്ചയായും അവരുടെ ഡയറിക്കുറിപ്പുകൾ അവർക്കു വേണ്ടി സംസാരിക്കട്ടെ.

അവരുടെ നീതിക്ക് വേണ്ടി ചിലപ്പോൾ ബാക്കിയാവുന്നത് അത് മാത്രമായിരിക്കും .

( ഇനി ഒരു കുട്ടിക്കും ഒരു ദുരനുഭവവും ഇല്ലാതിരിക്കട്ടെയെന്ന പ്രാർത്ഥനയോടെ )

ഫർസാന പി.കെ.
റിയാദിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ വീട്ടമ്മയാണ് ലേഖിക. നേരത്തേ അധ്യാപിക ആയിരുന്നു.

 

മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾക്കുമുണ്ടോ ഒരു ആശയം ? നിങ്ങളുടെ സൃഷ്ടികള്‍ mediawingschannel@gmail.com എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും നിങ്ങളെക്കുറിച്ചുള്ള ചെറിയ കുറിപ്പും അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ മീഡിയാ വിങ്ങ്സിൽ  പ്രസിദ്ധീകരിക്കും

spot_img

Related Articles

Latest news