കാരുണ്യം പെയ്തിറങ്ങുന്ന വ്രതശുദ്ധിയുടെ നാളുകൾക്ക് ആരംഭമായി

കേരളത്തിൽ ഇന്ന് റമദാൻ വ്രതാരംഭം. ഇനിയുള്ള 30 ദിവസവും ഓരോ ഇസ്ലാം മതവിശ്വാസികളുടെയും വീടുകൾ ഭക്തിനിർഭരമായിരിക്കും.

പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങൾ ഉപേക്ഷിച്ച് പ്രാർത്ഥനകളിൽ മുഴുകാൻ ലോകത്തെമ്പാടും വിശ്വാസികൾ തയ്യാറായി കഴിഞ്ഞു. പളളികളിലും വീടുകളിലും നേരത്തെ വിശ്വാസികൾ ഇതിനുളള ഒരുക്കങ്ങൾ നടത്തിയിരുന്നു.

പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകളാണ് ഇനിയുള്ള ഓരോ ദിനങ്ങളും. വീടും പരിസരവും അഴുക്കുകളിൽ നിന്നും സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമദാനെ വരവേൽക്കാനായി മസ്ജിദുകളും തയാറായി കഴിഞ്ഞു.

ഇനി ഒരുമാസക്കാലം വിശ്വാസികൾ പകൽ മുഴുവൻ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കും. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളിൽ നിന്നടർത്തിയെടുത്ത് ദൈവത്തിൽ മാത്രം മനസർപ്പിക്കും. ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും.

സത്കർമങ്ങൾക്ക് മറ്റുമാസങ്ങളെക്കാൾ റംസാനിൽ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധർമങ്ങൾക്ക് റംസാനിൽ ഏറെ പ്രാധാന്യം നൽകുന്നു.

അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ ഏറ്റവും പുണ്യകരമായ രാവുകളാണ്.ഇതിൽ അവസാനത്തെ പത്തിൽ പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാൾ പുണ്യകരവുമായ രാവാണ് ലൈലത്തുൽ ഖദർ. ഖുർആൻ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത.

രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താർ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാർഥനയുടെ തിരക്കുകളിലലിയും.

എല്ലാ വായനക്കാർക്കും മീഡിയാ വിങ്സിന്റെ റമദാൻ ആശംസകൾ

spot_img

Related Articles

Latest news