സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധബോധവൽക്കരണപരിപാടി ‘റിസ’യുടെ നേതൃത്വത്തിൽ “ഒത്തൊരുമിക്കാം ലഹരിക്കെതിരെ’എന്ന വിഷയത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ ഇംഗ്ലീഷ് കാറ്റഗറി -3 വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച തിരുവനന്തപുരം ഗോകുലം മെഡിക്കൽകോളേജിലെ എം ബി ബി എസ് വിദ്യാർത്ഥിനി ഫ്രീസിയ ഹബീബിനുള്ള പ്രശംസാഫലകവും പാരിതോഷികവും കോളേജിൽനടന്ന ചടങ്ങിൽ വച്ചു യഥാക്രമം എസ് ജി എം സി ഡീൻ ഡോ. ചന്ദ്രമോഹൻ, ഫൗണ്ടേഷൻ ഫാമിലിഫോറം പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ എന്നിവർ കൈമാറി. റിസ സ്റ്റേറ്റ് കോഡിനേറ്റർ കരുണാകരൻ പിള്ള, സെൻട്രൽ കമ്മിറ്റി അംഗം ജോർജുകുട്ടി മക്കുളത്ത്, ഷീജാ നിസാർ എന്നിവർ പങ്കെടുത്തു.
കാറ്റഗറി -3 മലയാളം വിഭാഗത്തിൽ സമ്മാനാർഹനയ അങ്കമാലി എസ് സി എം എസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി സലാഹ് അസ്ലമിനു എറണാകുളത്തു നടന്ന മറ്റൊരു ചടങ്ങിൽ റിസയുടെ മധ്യമേഖലാ പ്രതിനിധി റാഷിദ്ഖാൻ മെമന്റോയും പാരിതോഷികവും കൈമാറി.
കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചപരിപാടിയാണ് ഇപ്പോൾ ലളിതമായ ചടങ്ങിൽ നടത്തുന്നതെന്നും കേരളത്തിൽ നിന്നുമുള്ള മറ്റു വിജയികൾക്കുള്ള പ്രശംസാഫലകങ്ങൾ അവരവർ പഠിക്കുന്ന സ്ഥാപനങ്ങളിൽ വച്ച് വിതരണം ചെയ്യുമെന്നും ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് സുബൈർകുഞ്ഞു, പ്രോഗ്രാംകൺസൽറ്റന്റ് ഡോ. എ വി ഭരതൻ എന്നിവർ അറിയിച്ചു.