വരവേൽക്കാം പുണ്യ റമളാനെ!!!

By : അബ്ദുൾകലാം ആലംകോട്

പരിശുദ്ധ റമളാൻ സമാഗതമായിരിക്കുന്നു. മനുഷ്യന്, അവന്റെ ജീവിതത്തെ ശാരീരികമായും സാംസ്കാരികമായും ആത്മീയമായും കടഞ്ഞെടുത്ത്, അവനെ ഒരു യഥാർത്ഥ മനുഷ്യനായി ജീവിതം നയിക്കാൻ കഴിയുന്ന തരത്തിൽ പാകപ്പെടുത്തി ശുദ്ധീകരിച്ചെടുക്കുന്ന ഒരു പ്രക്രിയയാണ് റമളാൻ. അത് വരെ ജീവിച്ചു പോന്ന ശീലങ്ങളിൽ നിന്നും ജീവിത രീതിയിൽ നിന്നും ശാരീരികമായും മാനസികമായും അവന് ഒരു പുത്തൻ ഉണർവ്വേകാൻ ഈ വ്രതം കൊണ്ട് കഴിയുന്നു.

ശാരീരിക അച്ചടക്കം, സാമ്പത്തിക അച്ചടക്കം, സ്വഭാവ അച്ചടക്കം, ആത്മീയ അച്ചടക്കം എന്നീ കാര്യങ്ങൾ ഈ വ്രതം കൊണ്ട് മനുഷ്യൻ മാറ്റി മറിക്കുന്നു.

റമദാന് ആരംഭമായി; പള്ളികൾ സജീവമായി

ആത്മീയ അച്ചടക്കം

റമളാൻ വ്രതം – അത് എനിക്കുള്ളതാണ്. അതിന്റെ പ്രതിഫലം നൽകുന്നത് നാമാണ്‘ എന്ന് സൃഷ്ടാവ് ഊന്നി പറയുന്നു. മറ്റെല്ലാ ആരാധനയിലും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കാര്യങ്ങൾ ചെയ്യാമെങ്കിലും വ്രതത്തിൽ അത് സാധ്യമല്ല. ഒരു മനുഷ്യനും കണ്ട് പിടിക്കാൻ കഴിയാത്ത ഒരു ആരാധന കർമ്മം എന്ന നിലയിൽ സൃഷ്ടാവിന് മാത്രമേ മനുഷ്യന് അവന്റെ വ്രതത്തിന്റെ കാര്യത്തിൽ എത്രത്തോളം നീതി പുലർത്തുന്നുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയൂ. അത് കൊണ്ടാണ് സൃഷ്ടാവ് പറയുന്നത് അതിന്റെ ഗുണ ദോഷങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതും അതിന്റെ പ്രതിഫലം നൽകുന്നതും നാമാണ് എന്ന്.

നാം നിങ്ങളുടെ ഹൃദയത്തിലേക്കാണ് നോക്കുക ‘ എന്ന് ആവർത്തിച്ചു കൊണ്ട് പറയുന്നതും അതിനാൽ പൂർണ്ണമായും സൃഷ്ടാവിന് വഴങ്ങി വ്രതം എടുത്താൽ മാത്രമേ അതിന്റെ ആത്മീയമായ ഗുണം മനുഷ്യന് കിട്ടുകയുള്ളൂ.

ശാരീരിക അച്ചടക്കം

അത് വരെ ശീലിച്ചു പോന്ന ശീലങ്ങളിൽ നിന്ന് ശരീരത്തിനെയും മനസ്സിനെയും കടിഞ്ഞാൺ ഇട്ടെങ്കിലെ വ്രതം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. വ്രതം നോൽക്കുമ്പോൾ ശരീരം കൊണ്ട് മറ്റു അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സൃഷ്ടാവ് കർശനമായി വിലക്കിയിരിക്കുന്നു. ശരീരം കൊണ്ട് നമ്മൾ കാട്ടി കൂട്ടുന്ന വിചാര വികാരങ്ങളെയും പഞ്ചേന്ദ്രിയങ്ങളെയും നിയന്ത്രിക്കാൻ വ്രതം നോൽക്കുന്ന വ്യക്തിക്ക് കഴിയേണ്ടതുണ്ട്.

സ്വഭാവ അച്ചടക്കം

ഒരു സാധാരണ മനുഷ്യന് പല തരത്തിലുള്ള സ്വഭാവ വൈകല്യങ്ങൾ ഉണ്ടാകും. വ്യക്തിഹത്യ, പരദൂഷണം, മുൻകോപം, ലഹരി പദാർത്ഥങ്ങളോടുള്ള ആസക്തി, ലൈംഗിക വൈകൃതങ്ങൾ, അനാവശ്യമായി സമയവും പൈസയും കളയുന്ന വിനോദ പരിപാടികൾ തുടങ്ങിയവയിൽ നിന്നും നോമ്പുകാരൻ വിട്ട് നിൽക്കണം.

സാമ്പത്തിക അച്ചടക്കം

ഉള്ളവനും ഇല്ലാത്തവനും വിശപ്പും ദാഹവും എന്താണ് എന്ന് മനസ്സിലാക്കി കൊടുക്കുക വഴി മനുഷ്യർക്ക് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള വേർതിരിവ് ഇല്ലാതാകുന്നു. സൃഷ്ടാവിന്റെ മുന്നിൽ സമന്മാരാണെന്നും അവർക്കെല്ലാവർക്കും വിശപ്പും ദാഹവും ഒരു പോലെയാണെന്നും അത് കൊണ്ട് തന്റെ സഹജീവികൾ വിശന്നു കഴിയാൻ പാടില്ല എന്നും ഉള്ളത് പങ്ക് വെച്ച് ജീവിക്കണം എന്നും ഒരു നോമ്പുകാരൻ മനസ്സിലാക്കുന്നു.

മൂന്നും നാലും പ്രാവശ്യം കുശാലായി കഴിക്കുന്നവനെ അതെല്ലാം വെടിഞ്ഞ് ഒന്നോ രണ്ടോ നേരം ലഘുവായി ഭക്ഷണം കഴിക്കുന്നതിലൂടെ അവന് സാമ്പത്തികമായും അച്ചടക്കം ഉണ്ടാക്കാൻ കഴിയുന്നു.

ആരോഗ്യമുള്ള വൃക്ക

ആരോഗ്യ അച്ചടക്കം

നമ്മുടെ ശരീരത്തിന്റെ ആരോഗ്യ പ്രക്രിയയിൽ വളരെ പ്രധാനപെട്ട അവയവങ്ങളിൽ പെട്ടവയാണ് വൃക്കയും കരളും. നിരന്തരവും അശാസ്ത്രീയവുമായ ഭക്ഷണരീതി കൊണ്ടും ജീവിത ശൈലി കൊണ്ടും ഈ അവയവങ്ങൾക്ക് കാര്യമായ വിശ്രമം കിട്ടാതെ കേടു പാടുകൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. മറ്റു അവയവങ്ങൾക്ക് നാം കൊടുക്കുന്ന വിശ്രമം ഈ അവയവങ്ങൾക്ക് കിട്ടുന്നില്ല. അത് കൊണ്ട് തന്നെ ആ അവയവങ്ങൾക്കും നാം വിശ്രമം കൊടുത്തേ പറ്റൂ.

അതിന് ഈ നോമ്പ് നല്ലൊരു ടോണിക്കായി നമുക്ക് മാറ്റാൻ കഴിയും. കഠിനമായ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കി ആരോഗ്യകരമായതും ലഘുവായതും പോഷക സമ്പുഷ്ടവുമായ ഭക്ഷണങ്ങൾ കഴിച്ചു കൊണ്ടും ശരീരത്തിനും മനസ്സിനും വിശ്രമം കൊടുത്ത് കൊണ്ടും നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നില നിർത്താനാവും.

വ്രത കാലത്ത് എന്തൊക്കെ ഭക്ഷണ രീതികളാണ് നാം പിന്തുടരേണ്ടത് ?

ആദ്യമായി ജീവിതശൈലീ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ നോമ്പിന് മുമ്പ് തന്നെ ഷുഗറും പ്രഷറും കൊളസ്ട്രോളും മറ്റ് ടെസ്റ്റുകളും നടത്തുകയും ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് കൊണ്ട് നോമ്പ് നോക്കുന്നത് ഉചിതമായിരിക്കും.

 

അത്താഴം

പ്രഭാതത്തിൽ എഴുന്നേറ്റ് കൊണ്ട് ലഘുവായ ഭക്ഷണത്തോട് കൂടിയും ലഘുപാനീയം കുടിച്ചും നോമ്പ് ആരംഭിക്കാം. മൈദ കൊണ്ടുള്ള വിഭവം ഒഴിവാക്കി റാഗി, ഗോതമ്പ് തുടങ്ങിയവ കൊണ്ടുള്ള കഞ്ഞിയോ വെജിറ്റബിൾ സാലഡോ, ഫ്രൂട്സോ, ജ്യൂസോ കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.

നോമ്പ് തുറ

നോമ്പ് കാലത്ത് കാണുന്ന ഒരു കാഴ്ചയാണ് പല നിറങ്ങളിലും വർണങ്ങളിലുമുള്ള പലഹാരങ്ങളും, പാനീയങ്ങളും പല തരത്തിലുള്ള പഴ വർഗ്ഗങ്ങളും വിവിധയിനം ഇറച്ചി കൊണ്ടുള്ള കറികളും ബിരിയാണിയും നിരത്തി വെച്ച് കൊണ്ട് നോമ്പ് കൊണ്ട് നാം എന്താണോ ഉദ്ദേശിക്കുന്നത് അത് കിട്ടാതെ ആരോഗ്യപരമായ ഒരു പാട് രോഗങ്ങൾ ഇരന്നു വാങ്ങുവാൻ നോമ്പ് കാലം ചിലർ ഉപയോഗിക്കുന്നു എന്ന് കാണുമ്പോൾ വളരെ പ്രയാസം തോന്നുന്നു.

സൗദിയില്‍ സമൂഹ ഇഫ്ത്താറിന് നിയന്ത്രണം

പ്രവാചകൻ ഒരു ഭക്ഷണവും വിലക്കിയിട്ടില്ല എന്ന് വെച്ച് അസമയത്തും അസ്ഥാനത്തും അമിതമായും ആഡംബരമായും ഒന്നും പ്രവാചകൻ ചെയ്തിട്ടില്ല. അതിനാൽ നമ്മളും അത് ജീവിതത്തിൽ പകർത്താൻ ബാധ്യസ്ഥരല്ലേ? കാരക്ക ഉപയോഗിച്ച് നോമ്പ് തുറന്നും പച്ചവെള്ളം ഉപയോഗിച്ച് ദാഹം മാറ്റിയും പുളി കുറവുള്ള ജ്യൂസോ പാനീയമോ കുടിച്ച് ക്ഷീണം മാറ്റിയും ഒരു മണിക്കൂറിന് ശേഷം മിതമായ രീതിയിൽ ഭക്ഷണം കഴിക്കുകയും ചെയ്യുക.

വളരെ തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണം ഒഴിവാക്കുകയും വിപരീത ഫലങ്ങൾ ഉളവാക്കുന്ന ഭക്ഷണങ്ങൾ കൂട്ടിക്കലർത്തി കഴിക്കാതിരിക്കുകയും ചെയ്യുക. കിടക്കാൻ നേരം നേർപ്പിച്ച ജ്യൂസോ നേർത്ത കഞ്ഞിയോ കുടിക്കുന്നത് പിറ്റേ ദിവസം ക്ഷീണം കുറക്കാൻ സഹായിക്കും.

പ്രവാസി എഴുത്തുകാരനായ അബ്ദുൽ കലാം ആലംകോട് ദുബൈയിൽ ജോലി ചെയ്യുന്നു. സമകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്ന ലേഖകൻ മലപ്പുറം ആലംകോട് സ്വദേശിയാണ്.

 

spot_img

Related Articles

Latest news