കലക്ടര്‍ വാക്ക്‌ പാലിച്ചു; ലിജോയ്ക്ക് പുതിയ വെന്റിലേറ്റര്‍

തിരുവനന്തപുരം : വര്‍ഷങ്ങളായി ലിജോയുടെ ശരീരത്തിലെ ഒരവയവംതന്നെയാണ് വെ​​ന്റിലേറ്റര്‍. കഴുത്തിനു കീഴേക്ക് തളര്‍ന്നുകിടപ്പിലായ ലിജോയുടെ ആശങ്കയും അതുതന്നെയായിരുന്നു. ഏറെ പഴക്കമുള്ള വെ​ന്റിലേറ്റര്‍ സംവിധാനം എങ്ങാനും നിലച്ചുപോകുമോ എന്ന്. ആ ആശങ്കയ്ക്ക് വിരാമമായി. നൂതന സംവിധാനമുള്ള വെന്റിലേറ്റര്‍ കലക്ടര്‍ നവ്ജ്യോത് ഖോസ എത്തിച്ചുനല്‍കി.

അക്യൂട്ട് ഡിസെമിനേറ്റഡ് എന്‍സഫലോമൈലറ്റിസ് ആണ് പാറശാല നെടുവാന്‍വിള മച്ചിംഗത്തോട്ടം സ്വദേശി ലിജോയുടെ രോഗം. ഡിപ്ലോമ പൂര്‍ത്തിയാക്കി എന്‍ജിനീയറിങ് പ്രവേശനത്തിന് ഒരുങ്ങുന്നതിനിടെ 2007 ലാണ് ലിജോയെ കഴുത്തിനുതാഴെ തളര്‍ന്ന നിലയില്‍ ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചത്.

ഒന്നര വര്‍ഷത്തോളം ഐസിയുവിലായിരുന്നു. ഗുരുതരാവസ്ഥയില്‍നിന്ന്‌ ന്യൂറോളജി വിഭാഗം മേധാവി സഞ്ജീവ് വി തോമസാണ് ലിജോയെ തിരികെപ്പിടിച്ചത്. 2012 മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ലിജോ.

അന്ത്യോദയ റേഷന്‍ കാര്‍ഡ് കൈമാറാനെത്തിയ കലക്ടറോടാണ് ലിജോ ത​ന്റെ ആശങ്ക പങ്കുവച്ചത്. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് കൂടിയായ കലക്ടര്‍ ഇടപെട്ടതോടെ ആല്‍ഫ എമര്‍ജന്‍സി വെന്റിലേറ്ററെത്തി.

spot_img

Related Articles

Latest news