ആവർത്തനപ്പട്ടികയിലെ മൂലകങ്ങൾ മനഃപാഠമാക്കി റെക്കോർഡുകൾ സ്വന്തമാക്കുകയാണ് റിയാദിലെ തമിഴ് കൊച്ചു മിടുക്കൻ റിഷാൻ.
118 മൂലകങ്ങളുടെ പേരുകൾ ഒരു മിനിറ്റ് 27 സെക്കന്റ് എന്ന റെക്കോർഡ് സമയത്തിനുള്ളിൽ പറഞ്ഞാണ് റിഷാൻ ആ നേട്ടം സ്വന്തം പേരിലെഴുതിയത്. ഏറ്റവും വേഗത്തിൽ അവർത്തനപ്പട്ടിക ചൊല്ലിയ അഞ്ചു വയസിൽ താഴെയുള്ള കുട്ടി എന്ന പേരിലാണ് കലാം ബുക്ക് ഓഫ് റെക്കോർഡ് രേഖപ്പെടുത്തിയത്. ആവർത്തനപ്പട്ടികയിലെ പല പേരുകളും വലുതും നാവു വളച്ചൊടിക്കുന്നതുമാണ്. അഞ്ചു വയസ് തികയുന്നതിനു മുൻപാണ് റിഷാൻ ഇതെല്ലം മനഃപാഠമാക്കി പാട്ടുപോലെ ഈണത്തിൽ ചൊല്ലിയത്.
ദിവസങ്ങളുടെ പതിവ്‌ഘടന നഷ്ടപ്പെട്ട കോവിഡ് കാലം മാതാപിതാക്കളുടെ വലിയ വെല്ലുവിളി കുഞ്ഞുങ്ങളുടെ സമയം എങ്ങനെ ക്രിയാത്മകമാക്കുമെന്നതായിരുന്നു. റിയാദിലെ ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായ അമ്മ സുധ പ്രിയ ഓൺലൈൻ ക്ലാസ് എടുക്കുമ്പോൾ മകനെ ഒപ്പമിരുത്തും. പിന്നീട് അധ്യാപിക കുട്ടികളോട് ചോദിക്കുന്ന ചോദ്യത്തിന് മകൻ ഉത്തരം പറയുന്നത് കേട്ടതിലൂടെയാണ് കുട്ടിയുടെ ഈ അസാധാരണ മികവ് കണ്ടെത്തിയത്. രണ്ട് വയസ് ആയപ്പോഴേക്കും ഇംഗ്ലീഷ് ഭാഷ പഠിച്ചു വായന തുടങ്ങിയിട്ടുണ്ട് ഈ കൊച്ചു മിടുക്കൻ. ഇത് കൂടാതെ നാല് മിനിറ്റ് അൻപത്തഞ്ചു സെക്കന്റ് കൊണ്ട് പലതരം ചിത്രങ്ങൾ ഉൾകൊള്ളുന്ന അഞ്ഞൂറ് കാർഡുകൾ തിരിച്ചറിഞ്ഞു പ്രതിഭ തെളിയിച്ചു. ഏറ്റവും ചെറുപ്രായത്തിലുള്ള ഈ മികവ് കലാം ലോക റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മൂന്നു മിനിറ്റ് രണ്ടു സെക്കന്റ് സമയത്തിനുള്ളിൽ നൂർ കാർ ലോഗോയും അതിന്റെ നിർമ്മാണ കമ്പനിയുടെ പേരുമോർത്ത് പറഞ്ഞു മറ്റൊരു ലോക റെക്കോർഡുകൂടി നേടി റിഷാൻ. സാധാരണ കുട്ടികൾ കാർ ലോഗോസ് പറയാറുണ്ട്. അതിനൊപ്പം നിർമ്മാണ കമ്പനിയുടെ പേര് കൂടി പറഞ്ഞു റിഷാൻ അത്ഭുതപ്പെടുത്തി.
റിയാദിൽ ഫാര്മസിസ്റ്റായ കതിരവന്റെയും അധ്യാപിക സുധപ്രിയയുടെയും ഏകമകനാണ് റിയാദ് നോറ ഇന്റർനാഷണൽ സ്കൂളിലെ കെജി വിദ്യാർത്ഥിയായ റിഷാൻ. ഇരുവരും തമിഴ്‌നാട് ട്രിച്ചി സ്വദേശികളാണ്.