ലോക്സഭാ തിരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധിയും ആനിരാജയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും ; തുടർന്ന് ഇരു മുന്നണികളുടേയും റോഡ് ഷോയും

വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുല്‍ഗാന്ധിയും എല്‍.ഡി.എഫ് സ്ഥാനാർത്ഥി ആനിരാജയും ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും.ആനി രാജ രാവിലെ 10 മണിക്കും. രാഹുല്‍ഗാന്ധി ഉച്ചയ്ക്ക് 12 മണിക്കുമാണ് വരണാധികാരി ജില്ലാ കളക്ടർ ഡോ. രേണു രാജ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.

ആനി രാജയുടെ നാമനിർദ്ദേശപത്രിക സമർപ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റ സർവീസഹകരണ ബാങ്ക് പരിസരത്തു നിന്നും രാവിലെ 9ന് റോഡ് ഷോ തുടങ്ങും. കുക്കി വിമോചക സമരനായകരും യു.എല്‍.എ.യു ട്രൈബല്‍ വിമൻസ് ഫോറം മണിപ്പൂർ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാൻ, തമിഴ്നാട് ന്യൂനപക്ഷ കമ്മിഷൻ അംഗം തമീം അൻസാരി, സത്യമംഗലത്തു നിന്നും വീരപ്പൻ വേട്ടയുടെ പേരില്‍ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവർ എന്നിവരും റോഡ് ഷോയില്‍ അണിനിരക്കും. എല്‍.ഡി.എഫിന്റെ ജില്ലയിലെ മുതിർന്ന നേതാക്കള്‍ക്കൊപ്പമാണ് പത്രിക സമർപ്പിക്കുക. റോഡ് ഷോയില്‍ തിരഞ്ഞെടുക്കപ്പെട്ട 5000 പ്രവർത്തകർ മാത്രമാണ് പങ്കെടുക്കുകയെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്താണ് പ്രകടനം അവസാനിക്കുക. സ്ഥാനാർത്ഥിക്കൊപ്പം എല്‍.ഡി.എഫ് നേതാക്കളായ സി.കെ ശശീന്ദ്രൻ, ടി.വി ബാലൻ, പി. ഗഗാറിൻ, ഒ.ആർ. കേളു എം.എല്‍.എ, പി.കെ മൂർത്തി എന്നിവരും ഉണ്ടാകും. രാഹുല്‍ ഗാന്ധി രാവിലെ 10 ന് മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പണ്‍ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റർ ഇറങ്ങും. തുടർന്ന് റോഡ് മാർഗം കല്‍പ്പറ്റയിലേക്ക് വരും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡ് മുതല്‍ എസ്.കെ.എം.ജെ സ്‌കൂള്‍ വരെയാണ് റോഡ് ഷോ നടക്കുക.
രാഹുല്‍ ഗാന്ധിയോടൊപ്പം ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാഗാന്ധി, കെ.സി വേണുഗോപാല്‍ , ദീപ ദാസ് മുൻഷി , കനയകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ , രമേശ് ചെന്നിത്തല, അബ്ബാസ് അലി ശിഹാബ് തങ്ങള്‍, മോൻസ് ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡ് ഷോയില്‍ അണിനിരക്കും.

ബത്തേരി, മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റികളുടെ റോഡ് ഷോ 10.30 ഓടെ കെ.ജെ ഹോസ്പിറ്റല്‍ പരിസരത്തു നിന്നും ആരംഭിക്കും. തുടർന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തി ഒറ്റ റോഡ് ഷോയായി സിവില്‍ സ്റ്റേഷനിലേക്ക് പോകും. റോഡ് ഷോയില്‍ വയനാട് പാർലമെന്റ് മണ്ഡലത്തിലെ കല്‍പ്പറ്റ, സുല്‍ത്താൻ ബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വണ്ടൂർ,നിലമ്പൂർ എന്നീ നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവർത്തകർ അണിനിരക്കും.

spot_img

Related Articles

Latest news