മദീന: പുണ്യ റമസാന്‍ അവസാന ദിനരാത്രങ്ങളില്‍ പ്രവാചക നഗരിയായ മദീനയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ മസ്ജിദുന്നബവിയിലെ റൗളാ ശരീഫിലേക്കുള്ള പ്രവേശനം ശവ്വാല്‍ രണ്ടു വരെ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി ഹറം കാര്യാ മന്ത്രാലയം അറിയിച്ചു.
ഹറം ശരീഫില്‍ വെച്ച് നിസ്‌കരിക്കാന്‍ നല്‍കിയിരുന്ന അനുമതിയാണ് നിര്‍ത്തിവെച്ചത്. അതേസമയം, പ്രവാചകരുടെയും അനുചരന്മാരുടെയും ഖബര്‍ സ്ഥിതിചെയ്യുന്ന റൗളാ ശരീഫ് സിയാറത്തിന് അനുമതിയുണ്ട്.
തിരുനബി നബി (സ) യുടെ വീടിന്റെയും മിംബറിന്റെയും ഇടക്കുള്ള സ്ഥലമാണ് റൗള. ‘എന്റെ വീടിന്റെയും മിംബറിന്റെയും ഇടക്കുള്ള സ്ഥലം സ്വര്‍ഗത്തോപ്പുകളില്‍പെട്ട ഒരു തോപ്പാണെന്നാണ് നബി (സ) അരുളിയത്. അതിനാല്‍ ആയിരങ്ങളാണ് റൗളയില്‍ നിസ്‌കാരത്തിനായി എത്തിച്ചേര്‍ന്നിരുന്നത്.
കൊവിഡ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മുന്‍കൂട്ടി അനുമതി പത്രം ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. കനത്ത തിരക്ക് റിപ്പോര്‍ട്ട് ചെയ്തതോടൊടെയാണ് പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചത്.
പ്രതിഫലം ഉദ്ദേശിച്ചു കൊണ്ട് നബി (സ) തങ്ങള്‍ പറഞ്ഞ മൂന്ന് പള്ളികളില്‍ ഒന്നാണ് മസ്ജിദുന്നബവി. മക്കയിലെ മസ്ജിദുല്‍ ഹറാമും ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സായുമാണ് മറ്റ് രണ്ട് പള്ളികള്‍. ഉംറക്കും ഹജ്ജിനുമായി പുണ്യഭൂമിയിലെത്തുന്ന വിശ്വാസികള്‍ മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് സ്വദേശങ്ങളിലേക്ക് മടങ്ങാറുള്ളത്.