ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഓര്‍മകള്‍ പുതുക്കി ഒരിക്കല്‍ക്കൂടി വിഷു എത്തുന്നു.കണ്ണന് മുന്പില് കണിയൊരുക്കിയാണ് മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത്. ഓട്ടുരുളിയില്‍ നിലവിളക്കും കൃഷ്ണനുമുന്നില്‍ കണിക്കൊന്നയും പലഹാരങ്ങളും പഴങ്ങളും വെച്ച് കോടി മുണ്ടും കണ്ണാടിയുമെല്ലാം വെച്ചാണ് കണിയൊരുക്കുന്നത്. കണി കാണുന്നവര്‍ക്ക് കൈ നീട്ടം നല്‍കിയാണ് ആഘോഷം.
വടക്കന്‍ മലബാറില്‍ പടക്കങ്ങള്‍ പൊട്ടിത്തീരുന്ന വേള കൂടിയാണ് വിഷു. മേടപുലരിയില്‍ കണ്ണനെ കണികണ്ടുണരുക മലയാളികള്‍ക്ക് വലിയൊരു സുകൃതം കൂടിയാണ്. സദ്യവട്ടങ്ങളും ബന്ധുവീടുകളിലെ സന്ദര്ശനവുമെല്ലാമായി ആഘോഷമായാണ് വിഷു മാറുന്നത്.
ഗുരുവായൂരും ശബരിമലയിലും വിഷുക്കണി ദര്‍ശനമുണ്ട്. വൻ തിരക്കാണ്അനുഭവപ്പെടുന്നത്. രാവിലെ 2:45 മുതല്‍ 3:45 വരെ ആണ് ഗുരുവായൂരില്‍ വിഷുക്കണി ദർശനം. കര്‍ഷകര്‍ക്ക് അടുത്ത വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. പുതിയ തുടക്കമാണിത്. പുതിയ പ്രതീക്ഷകളുമായി ഒരിക്കല്‍ക്കൂടി വിഷു വന്നണിയുകയാണ്. നിറസമൃദ്ധിയുടെ ആഘോഷം കൂടിയാണ് എത്തിയിരിക്കുന്നത്.
ഓണവും വിഷുവുമാണ് കേരളീയരുടെ പ്രധാന ആഘോഷങ്ങള്‍. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. വിഷുവിനു ചെയ്യുന്നതിന്റെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുമെന്നാണ് വിശ്വാസം. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അർത്ഥം. രാത്രിയും പകലും തുല്യമായ ദിവസം. ഒരു രാശിയില്‍നിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. ഈ ദിനമാണ് വിഷു.
നരകാസുര നിഗ്രഹമാണ് വിഷുവിന്റെ ഒരു ഐതീഹ്യം. ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരനുമായി യുദ്ധം ചെയ്യുന്നു. അസുരനിഗ്രഹം നടത്തുന്നു. .ശ്രീകൃഷ്ണന് അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.
രാവണൻ ലങ്ക ഭരിക്കുമ്പോള്‍ സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയില് കൊട്ടാരത്തിന്റെ അകത്തെത്തുന്നത് രാവണന് ഇഷ്ടമല്ല. ശ്രീരാമന് രാവണനെ നിഗ്രഹിച്ചതിനുശേഷമാണ് സൂര്യന് നേരേ ഉദിക്കാന്‍ കഴിഞ്ഞത്. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്. ഇതും വിഷുവിന്റെ ഐതീഹ്യമായി നിലനില്ക്കുന്നു.
പ്രിയ മീഡിയാ വിംങ്സ് വായനാർക്ക് വിഷു ദിനാശംസകൾ നേരുന്നു