മമത സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്ദേമാതരത്തിലൂടെ രാജ്യത്തെ ഒന്നിപ്പിച്ച നാടാണ് ബംഗാള്‍. അവിടെ ചിലരെ അന്യദേശക്കാരെന്ന് മുദ്രകുത്തി മുഖ്യമന്ത്രി മമത ബാനര്‍ജി അപമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാള്‍ മണ്ണിന്റെ പുത്രന് ബി.ജെ.പി മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പശ്ചിമ ബംഗാളിലെ പൂര്‍വ മേദിനിപ്പൂരില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെയും രവീന്ദ്ര നാഥ ടാഗോറിന്റെയും സുഭാഷ് ചന്ദ്ര ബോസിന്റെയും മണ്ണാണിത്. ഇവിടെ ഒരു ഇന്ത്യക്കാരനും പരദേശിയാകില്ല.
ടാഗോറിന്റെ നാട്ടുകാര്‍ ഒരു ഇന്ത്യക്കാരനെയും പരദേശിയായി കാണില്ലെന്ന് മമത ഓര്‍ക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പടിവാതില്‍ക്കലാണ് സര്‍ക്കാറെന്നാണ് മമത പറയുന്നത്. മേയ് രണ്ടിന് ബംഗാളുകാര്‍ അവര്‍ക്ക് പുറത്തേക്കുള്ള വാതില്‍ കാണിച്ചുകൊടുക്കുമെന്ന് മോദി പരിഹസിച്ചു.
294 നിയോജക മണ്ഡലങ്ങളിലേക്ക് എട്ടു ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഈ മാസം 27ന് നടക്കും. ഏപ്രില്‍ 29നാണ് അവസാന ഘട്ടം. മേയ് രണ്ടിന് വോട്ടെണ്ണും.