നോയിഡയിൽ മരട് ആവർത്തിക്കുമ്പോൾ; മൂന്നര ടൺ സ്ഫോടകവസ്തുക്കൾ; സൂപ്പർടെക്ക് ഇരട്ട ഫ്ലാറ്റുകൾ എന്തിനാണ് പൊളിക്കുന്നത്?

ന്യൂഡൽഹി: തീരദേശ നിയമം ലംഘിച്ചതിന് 2020 ജനുവരിയിൽ കൊച്ചി മരടിലെ മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തക‍ര്‍ത്ത സംഭവം ഇന്നും മറക്കാറായിട്ടില്ല. രണ്ടര വര്‍ഷത്തിനു ശേഷം സമാനമായൊരു സംഭവത്തിന് സാക്ഷ്യം വഹിക്കാനിരിക്കുകയാണ് നോയിഡ നഗരം. ഓഗസ്റ്റ് 28 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കുത്തബ് മിനാറിനെക്കാളും ഉയരമുള്ള സൂപ്പ‍ര്‍ടെക് ഇരട്ട ഗോപുരങ്ങൾ തക‍ര്‍ന്നു വീഴുക.

കൊച്ചിയിലെ ഫ്ലാറ്റുകൾ തക‍ര്‍ത്ത അതേ സ്ഥാപനത്തിനു തന്നെയാണ് നോയിഡയിലെ ഫ്ലാറ്റുകൾ തക‍ര്‍ക്കുള്ള ചുമതലയും നൽകിയിരിക്കുന്നത്. മൊത്തം 3700 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് കെട്ടിടങ്ങളിൽ നിറച്ചിട്ടുള്ളത്. സ്ഫോടനത്തിനു മുന്നോടിയായി പ്രദേശവാസികളെയും സ്ഥലത്തുള്ള മൃഗങ്ങളെയും ഒഴിപ്പിക്കുകയും ചുറ്റുപാടുമുള്ള മറ്റു കെട്ടിടങ്ങളെ സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്. 9 സെക്കൻഡുകൾ കൊണ്ട് കെട്ടിടങ്ങൾ തകർന്നു വീഴുമെന്നും തുടർന്നുള്ള 12 മിനിട്ടുകൊണ്ട് പൊടിപടലങ്ങൾ അടങ്ങുമെന്നുമാണ് കണക്കുകൂട്ടൽ.
എന്തിനാണ് നോയിഡയിലെ ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കുന്നത്?
മരടിലേതിനു സമാനമായി സുപ്രീം കോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിലാണ് നോയിഡയിലെ ഫ്ലാറ്റുകളും പൊളിച്ചു നീക്കുന്നത്. എമറാൾഡ് കോർട്ട് സൊസൈറ്റി പരിസരത്ത് പടുതുയർത്തിയ ഫ്ലാറ്റുകളുടെ നിർമാണം എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ കമ്പനിയോട് സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ചു നീക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

എമറാൾഡ് കോർട്ട് സൊസൈറ്റിയ്ക്ക് നോയിഡ അതോരിറ്റി അനുമതി നൽകിയപ്പോൾ പരമാവധി 14 നിലകളുള്ള കെട്ടിടങ്ങൾ നിർമിക്കാൻ മാത്രമായിരുന്നു അനുവദിച്ചത്. എന്നാൽ നിർമാതാക്കളായ സൂപ്പർടെക്ക് പിന്നീട് ചട്ടം ലംഘിച്ച് 40 നില ഉയരത്തൽ കെട്ടിടം നിർമിക്കാൻ അനുമതി നേടിയിടെടുക്കകയായിരുന്നു. കൂടാതെ ഹൗസിങ് സൊസൈറ്റിയോടു ചേ‍ര്‍ന്ന് പൂന്തോട്ടം നി‍ര്‍മിക്കാനായി കണ്ടെത്തിയിരുന്ന സ്ഥലത്താണ് നി‍ര്‍മാണം നടന്നതെന്നും പിന്നീട് കണ്ടെത്തി. ഇതോടെയാണ് സമീപവാസികളായ ഫ്ലാറ്റുടമകൾ കമ്പനിയ്ക്കെതിരെ നിയമപോരാട്ടം നടത്തിയത്.

നി‍ര്‍മാണത്തിനെതിരെ 2012ലാണ് അലഹാബാദ് ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. നിര്‍മാണം അനധികൃതമാണെന്നും കൂടുതൽ ഫ്ളാറ്റുകൾ വിറ്റഴിക്കാനായി കമ്പനി നിയമം ലംഘിച്ചെന്നുമായിരുന്നു ആരോപണം. ഹര്‍ജിയിൽ കഴമ്പുണ്ടെന്നു കണ്ട കോടതി 2014ൽ സൂപ്പര്‍ടെക്കിനോട് അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ടു. നോയിഡ അതോരിറ്റിയുടെ മേൽനോട്ടത്തിൽ കമ്പനി സ്വന്തം ചെലവിൽ കെട്ടിടം പൊളിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഈ ഫ്ലാറ്റുകൾ വാങ്ങിയ‍വര്‍ ഉൾപ്പെടെ നിരവധി പേര്‍ അലഹാബാദ് ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഒടുവിൽ സുപ്രീം കോടതിയുടെ ഉത്തരവും അലഹാബാദ് ഹൈക്കോടതി ഉത്തരവിനെ ശരിവെച്ചതോടെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ കളമൊരുങ്ങിയത്.

spot_img

Related Articles

Latest news