സൗമ്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടും; വീട് സന്ദര്‍ശിച്ച്‌ എം എം മണി

ഇടുക്കി: ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ വീട് സന്ദര്‍ശിച്ച്‌ മന്ത്രി എംഎം മണി. മൃതദേഹം എത്രയും വേഗം നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും, ഇസ്രായേല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുത്തില്ലെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ക്കൊപ്പം വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഇന്ത്യന്‍ എംബസിയുടെ നടപടികള്‍ പൂര്‍ത്തിയായി. എത്രയും വേഗം മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് എംബസി അറിയിച്ചു. മൃതദേഹം നിലവില്‍ ടെല്‍ അവിവിലെ ഫോറന്‍സിക് ലാബ് ഇന്‍സ്റ്റിറ്റൂട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (30) ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വൈകിട്ട് 5.30ന് ഭര്‍ത്താവുമായി ഇസ്രയേലിലെ അഷ്‌ക ലോണിലുള്ള വീട്ടില്‍നിന്നും ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ താമസ സ്ഥലത്ത് ഷെല്‍ പതിക്കുകയായിരുന്നു.

അവിടെയുള്ള ബന്ധുവാണ് സൗമ്യയുടെ മരണ വിവരം കുടുംബാംഗങ്ങളെ വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്ബര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴു വര്‍ഷമായി ഇസ്രയേലിലാണ്. കെയര്‍ ടേക്കറായി ജോലി ചെയ്തു വരികയായിരുന്നു. എട്ട് വയസുകാരനായ മകനുണ്ട്.

spot_img

Related Articles

Latest news