നെടുങ്കണ്ടം: വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച വാര്‍ത്താപ്രാധാന്യം നേടിയ എം.എം. മണിയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരു വേദിയില്‍ പരസ്പരം പുകഴ്ത്തിയത് കൗതുകമായി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉടുമ്ബന്‍ചോല നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആയിരുന്ന മണിക്കെതിരേ വെള്ളാപ്പള്ളി രാജാക്കാട്ടില്‍ നടത്തിയ യോഗത്തിലാണ് വിവാദ പരാമര്‍ശം ഉന്നയിച്ചത്. ഇതിനെതിരേ മണിയും പ്രതികരിച്ചിരുന്നു. ക്ഷേത്രാങ്കണത്തില്‍ വരാനും വിശ്വാസികളോട് വോട്ട് ചോദിക്കാനും മണിക്കെന്തവകാശമെന്നാണ് അന്ന് വെള്ളാപ്പള്ളി ചോദിച്ചത്. മന്ത്രിയായശേഷം മണി മന്ത്രിസഭയ്ക്ക് ഒരു ഭാരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നലെ നെടുങ്കണ്ടം യൂണിയന് മന്ദിര ഉദ്ഘാടന വേദിയില്‍ ഇരുവരും ഒന്നിച്ചത്. കാല് നൂറ്റാണ്ടായി എസ്.എന്‍.ഡി.പി. യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളി നടേശന്, മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ യോഗത്തെ ഉന്നതിയിലേക്കു നയിച്ചെന്നു മന്ത്രി എം.എം. മണി അഭിനന്ദിച്ചു.
താന്‍ പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയ എം.എം. മണി ജനകീയനാണന്നും പ്രവര്‍ത്തനങ്ങളില്‍ തുടരണമെന്നും വെള്ളാപ്പള്ളിയും പറഞ്ഞു.
മണിക്കെതിരേ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി ആയിരുന്ന സജി പറമ്ബത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.