നീയെന്തിനാ ഓള്‍ടെ കൂടെ നടക്കുന്നത് എന്നു ചോദിച്ച് മര്‍ദ്ദനം; ഉത്തരവാദിത്തപ്പെട്ട നേതാക്കന്മാർ നോക്കി നിന്നു: തിങ്കളാഴ്ച നടന്ന സംഭവത്തില്‍ അറസ്റ്റ് വളരെ വൈകി
പാനൂരില്‍ 15കാരനായ വിദ്യാര്‍ത്ഥിയെ സിപിഎം യുവജന നേതാവ് കാരണമില്ലാതെ അതിക്രൂരമായി മര്‍ദ്ദിച്ചത് വാര്‍ത്തയായിരുന്നു. സഹപാഠിയായ പെണ്‍കുട്ടിയുടെ ഒപ്പം നടന്നു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ആളുമാറിപ്പോയി എന്ന വിശദീകരിച്ചെങ്കിലും പോലീസ് തുടക്കത്തില്‍ നോക്കു കുത്തിയായതായാണ് വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ ആരോപണം.
തിങ്കളാഴ്ച ഉച്ചയ്ക്കു നടന്ന സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത് ഇന്നലെ രാത്രി വൈകിയാണ്. മൊകേരി രാജീവ്ഗാന്ധി മെമോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കാണു മര്‍ദനമേറ്റത്. മര്‍ദനമേറ്റ കാര്യം വിദ്യാര്‍ത്ഥി വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ പ്രതിക്കു വേണ്ടി രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ പൊലീസ് ഒത്തുതീര്‍പ്പിനു ശ്രമിച്ചെന്ന ആരോപണം ശരിയല്ലെന്നും സംഭവം നടന്ന ദിവസം തന്നെ കേസെടുത്തിട്ടുണ്ടെന്നും അക്രമത്തിനു പിന്നിലെ പ്രകോപനം വ്യക്തമല്ലെന്നും പാനൂര്‍ പൊലീസ് പറഞ്ഞു.
സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു തന്നെ മര്‍ദനത്തിന്റെ ഭീകരത വ്യക്തമാണ്. വിദ്യാര്‍ത്ഥി പാനൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. പല്ല് ഇളകിയതായി വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞു. സംഭവം കഴിഞ്ഞ് 24 മണിക്കൂര്‍ കഴിഞ്ഞും പ്രതിയെ പിടിക്കാന്‍ കഴിയാതെ വന്നതോടെ പ്രതിഷേധം ശക്തമായിരുന്നു.
പ്രതി ഡിവൈഎഫ്‌ഐ ഭാരവാഹിയായ ജിനീഷ് ആണെന്നത് സംഘടനയ്ക്കും സമ്മര്‍ദ്ദമായി. ഇന്നലെ വൈകിട്ടോടെ പ്രതിയെ പിടികൂടണം എന്ന് ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ പ്രതിക്കൊപ്പം നിന്നാല്‍ രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ഇത്. ആക്രമങ്ങളെ നീതീകരിക്കാന്‍ സാധിക്കില്ലെന്നും പീഡിതര്‍ക്കൊപ്പമാണ് ഡിവൈഎഫ്‌ഐ നിലകൊള്ളുകയെന്നും സംഘടനയുടെ ബ്ലോക്ക് സെക്രട്ടറി കെ.ആദര്‍ശ് പറഞ്ഞു. മൊകേരിയില്‍ നിന്നാണ് രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തത്.