മുക്കം: കൊടിയത്തൂർ കോട്ടമുഴി പാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന ഭാഗത്തെ രൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കണമെന്ന ആവശ്യം ശക്തമായി. പൊളിച്ച പാലത്തിന് സമാന്തരമായി ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഉപയോഗിക്കുന്നതിനായി താൽക്കാലിക പാലം പണിതിരുന്നു. കക്കാട് മിനി സ്റ്റേഡിയത്തിന് ചേർന്നായിരുന്നു പാലത്തിലേക്ക് വഴി. ശക്തമായ മഴയിൽ ഇവിടെ വെള്ളവും ചെളിയും നിറഞ്ഞിരിക്കുന്നതിനാൽ സ്ത്രീകളടക്കം നിരവധി കാൽനടയാത്രക്കാരും ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും വഴുതി വീഴൽ പതിവാണ്. സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കൊടിയത്തൂർ, ചെറുവാടി, ചേന്ദമംഗല്ലൂർ പ്രദേശങ്ങളിലെ വിവിധ സ്കൂളുകളിലേക്കായി ധാരാളം കുട്ടികൾക്ക് പോകാനുള്ള വഴിയാണിത്. ശക്തമായ മഴയുള്ളപ്പോൾ കുട്ടികളെ തനിച്ച് സ്കൂളിൽ അയക്കുന്നതിന്റെ ആശങ്കയിലാണ് രക്ഷിതാക്കൾ.
രൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് കക്കാട് കെ.പി ആർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മറ്റി എഞ്ചിനിയ റെയും പഞ്ചായത്ത് അധികാരികളെയും വിഷയം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ, വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര, വാർഡ് മെമ്പർ ആമിന എടത്തിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ബന്ധപ്പെട്ട എഞ്ചിനിയറെ വിളിച്ച് കാര്യം ബോധ്യപ്പെടുത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും തടസ്സം നേരിടാത്ത രീതിയിൽ ഗതാഗത സൗകര്യം ഒരുക്കുന്നതിനും ധാരണയായി. സ്കൂൾ ആരംഭിക്കുന്നതിന് മുൻപ് പരിഹാരം കാണുമെന്നും ഉറപ്പു നൽകി.
വായനശാല പ്രസിഡണ്ട് മഞ്ചറ അഹമ്മദ് കുട്ടി, സെക്രട്ടറി ടി.പി അബൂബക്കർ , പാറക്കൽ അബ്ദുറഹ്‌മാൻ, ശുകൂർ മുട്ടാത്ത്, നജീബ് പുതിയോടത്ത്, ഖാസിം തോട്ടത്തിൽ, നാസർ ജി, വാഴയിൽ മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു