തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരന് നിയമസഭയില്‍ മത്സരിക്കുന്നതിനോട് ബി.ജെ.പി ദേശീയ നേതൃത്വത്തിന് താല്പര്യമില്ലെന്ന് സൂചന. പകരം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മത്സരിച്ചേക്കും.
കഴിഞ്ഞ തവണ കഴക്കൂട്ടത്ത് രണ്ടാംസ്ഥാനത്തെത്തിയ മുരളീധരന് മത്സരിക്കണമെന്നാണ് ജില്ല-സംസ്ഥാന നേതൃത്വങ്ങളുടെ പക്ഷം. എന്നാല്‍, മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭാംഗമായ മുരളീധരന് മത്സരിക്കാന്‍ എം.പി സ്ഥാനം രാജിെവക്കേണ്ടിവരും. മഹാരാഷ്ട്രയില്‍നിന്ന് മറ്റൊരാളെ എം.പിയായി തെരഞ്ഞെടുക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് സാധിക്കില്ല. ഇതാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്പര്യമില്ലായ്മക്ക് കാരണം.
മത്സരിക്കാനില്ലെന്നുപറയുന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത. സുരേന്ദ്രനും മത്സരിക്കുന്നില്ലെങ്കില്‍ കരുത്തനായ ഒരാളെ തന്നെ കഴക്കൂട്ടത്ത് നിര്‍ത്തണമെന്നാണ് ജില്ല നേതൃത്വം ആവശ്യപ്പെടുന്നത്. വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രത്യേക കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കാനും നടപടിയാരംഭിച്ചു. 30,000 ലധികം വോട്ടുകളുള്ള മണ്ഡലങ്ങളിലാണ് ആര്.എസ്.എസ് സഹായത്തോടെ പരിപാടി തയാറാക്കുന്നത്. ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പ്രത്യേക നിലപാട് സ്വീകരിക്കുന്നത് സംബന്ധിച്ചും ഉടന്‍ തീരുമാനിക്കും. ഇവിടങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ ലഭിച്ചില്ലെങ്കില്‍ പൊതുസമ്മതനെ പിന്തുണക്കുന്നതും പരിഗണനയിലുണ്ട്. ന്യൂനപക്ഷ വിഭാഗക്കാര്‍, പൊതുസമ്മതര്‍, സ്ത്രീ, ദലിത്, യുവ സ്ഥാനാര്‍ഥികളെ കൂടുതലായി മത്സരിപ്പിക്കാനും ഉദ്ദേശിക്കുന്നു. ഇൗമാസം അവസാനത്തോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് നീക്കം.