റിയാദ്: വധശിക്ഷ കാത്ത് പതിനെട്ട് വര്‍ഷത്തിലേറെയായി സൗദി അറേബ്യയിലെ തടവറയിൽ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ കൈകോര്‍ക്കുന്നവർക്കിടയിൽ വൺഡേ സാലറി ചലഞ്ചുമായി നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ. അബ്ദുൽ റഹീമിന്റെ ദിയാധനമായി 150 ലക്ഷം റിയാല്‍ (ഏകദേശം 34 കോടി രൂപ) സമാഹരിക്കുക എന്ന വലിയ ലക്ഷ്യത്തിനായി നന്മ കൂട്ടായ്മ കൂടി ഭാഗമായ റഹീം നിയമ സഹായ സമിതി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
കോഴിക്കോട് ഫറോഖില്‍ ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുല്‍ റഹീം 2006ലാണ് തൊഴിൽ തേടി സൗദി അറേബ്യയിലെത്തിയത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച് ഏതാനും ആഴ്ചകൾക്കകം റഹീം കാരാഗൃഹത്തിലായി. അന്നുതുടങ്ങിയ റഹീമിന്റെ ഉമ്മയുടെ കണ്ണീര്‍ ഇന്നും തോര്‍ന്നിട്ടില്ല. 22ാം വയസില്‍ ഏറെ പ്രതീക്ഷകളോടെ വിമാനം കയറിയ റഹീമിനെ മോചിപ്പിക്കണം; ഒപ്പം ഉമ്മയുടെ കണ്ണീരിന് അറുതി വരുത്തുകയും വേണം. അതിനുളള പരിശ്രമത്തിലാണ് റിയാദിലെ പ്രവാസികള്‍.
കൂട്ടായ്മയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ അവരുടെ ഒരു ദിവസത്തെ വേതനം അബ്ദുൽ റഹീമിന്റെ മോചനത്തിനായി സമാഹരിക്കുക എന്ന ലക്ഷ്യമാണ് കൂട്ടായ്മ ഇട്ടിട്ടുള്ളത്. വ്യത്യസ്തമായ ദിനങ്ങളിൽ സാലറി ലഭിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുവാനായി ഏപ്രിൽ 5 വരെയാണ് ഈ ക്യാമ്പയിൻ. ഈ ചലഞ്ചിന്റെ ഈ ചലഞ്ചിന്റെ പ്രചാരണത്തിനായി വിവിധ ഏരിയകളിൽ രാത്രികാല സ്ക്വാഡ് പ്രവർത്തനം നടത്തുവാനും കൂട്ടായ്മ ലക്ഷ്യമിട്ടിട്ടുണ്ട്.
ഈ ചലഞ്ച് മറ്റു പ്രവാസി സംഘടനകൾ കൂടി ഏറ്റെടുക്കുമെന്നും ഏറെക്കുറെ അപ്രാപ്യം എന്ന് തോന്നിക്കുന്ന ഈ വലിയ സംഖ്യയിലേക്ക് എത്രയും വേഗം എത്തിച്ചേരാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത് എന്ന് നന്മ കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.